cheruthoni
ചെറുതോണി ടൗണിലെ ഗതാഗത കുരുക്ക്

ചെറുതോണി: പ്രളയത്തിൽ ചെറുതോണി ടൗണിലെ ബസ് സ്റ്റാൻഡ്, ടാക്സി സ്റ്റാൻഡ്, പാർക്കിംഗ് ഏരിയ എന്നിവ ഒലിച്ചുപോയതിനെ തുടർന്ന് ടൗണിലെ ഗതാഗതം അവതാളത്തിലായി. ടൗണിൽ മുന്നൂറോളം വ്യാപാരശാലകൾ, നിരവധി സർക്കാർ സ്ഥാപനങ്ങൾ, ബാങ്കുകൾ തുടങ്ങി അഞ്ഞൂറിലധികം സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ജില്ലാ ആസ്ഥാനമായതിനാൽ വിവിധ ആവശ്യങ്ങൾക്കായി കളക്‌ട്രേറ്റിലെത്തുന്നവരും വിവിധയിടങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികളുമായി ദിവസേന നിരവധി വാഹനങ്ങളും ആയിരക്കണക്കിന് പൊതുജനവും ടൗണിലെത്തുന്നുണ്ട്. ഇതേതുടർന്ന് ടൗണിലുണ്ടാക്കുന്ന തിരക്ക് വലിയ ഗതാഗതകുരുക്കിനിടയാക്കുന്നു. കാൽനടയാത്രക്കാർക്ക് നടന്നുപോകാൻ പോലും സാധിക്കുന്നില്ല. വാഹനാപകടങ്ങളും പതിവായി. ഗതാഗതകുരുക്ക് രൂക്ഷമായിട്ടും അധികൃതർ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം. കുരുക്ക് പരിഹരിക്കുന്നതിന് പഞ്ചായത്തും പൊലീസും ഇടപെട്ട് ട്രാഫിക് മാനേജ്‌മെന്റ് കമ്മിറ്റി വിളിച്ചു ചേർത്തു അനുയോജ്യമായ തീരുമാനമെടുക്കണമെന്ന് വ്യാപാരികളാവശ്യപ്പെടുന്നു.

പാർക്കിംഗ് കടകൾക്ക് മുമ്പിൽ, കച്ചവടം കുറയുന്നു

പാർക്കിംഗ് സൗകര്യമില്ലാത്തതിനാൽ ടാക്സി വാഹനങ്ങളും ഉപഭോക്താക്കളുടെ വാഹനങ്ങളും കടകൾക്ക് മുമ്പിലാണ് പാർക്ക് ചെയ്യുന്നത്. കട്ടപ്പന, തൊടുപുഴ, എറണാകുളം, അടിമാലി ഉൾപ്പെടെയുള്ള മറ്റ് ടൗണുകളിലേയ്ക്ക് പോകുന്ന ബസുകൾ ചെറുതോണി ട്രാഫിക് ജംഗ്ഷനിൽ നിറുത്തിയാണ് യാത്രക്കാരെ കയറ്റുന്നതും ഇറക്കുന്നതും. ഇതോടെ ഏറ്റവും കൂടുതൽ ഗതാഗത കുരുക്ക് ട്രാഫിക് ജംഗ്ഷനിലായി. ഇത് വ്യാപാരസ്ഥാപനങ്ങളിലെ കച്ചവടത്തെ വലിയ തോതിൽ ബാധിച്ചിട്ടുണ്ട്. അതിനാൽ ടൗണിൽ ബസുകൾ നിറുത്തി യാത്രക്കാരെ കയറ്റുന്നതിനും ഇറക്കുന്നതിന് പ്രത്യേക സ്ഥലം നിശ്ചയിക്കണമെന്ന് വ്യാപാരികൾ ആവശ്യപ്പെടുന്നു. അടിമാലി, എറണാകളം, മുരിക്കാശേരി, കഞ്ഞിക്കുഴി, ഭാഗങ്ങളിലേക്ക് പോകേണ്ട ബസുകൾ ഫെഡറൽ ബാങ്ക് ജംഗ്ഷനിലും തൊടുപുഴയ്ക്ക് പോകേണ്ട ബസുകൾ പമ്പ് ജംഗ്ഷനിലും നിറുത്തി ആളുകളെ കയറ്റുകയും ഇറക്കുകയും ചെയ്യണമെന്നാണ് അവരുടെ ആവശ്യം.

പുതിയ സ്റ്റാൻഡ് ചുവപ്പുനാടയിൽ

പൊലീസ് സ്റ്റേഷന് സമീപം താത്കാലിക ബസ് സ്റ്റാൻഡ് ഉണ്ടാക്കുന്നതിന് എം.എൽ.എ 50 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. എന്നാൽ സാങ്കേതികാനുമതി നൽകാത്തതിനാൽ നിർമാണം വൈകുകയാണ്.

ആവശ്യത്തിന് പൊലീസില്ല

ഇടുക്കി സ്റ്റേഷനിൽ പൊലീസ് ഉദ്യോഗസ്ഥരുടെ കുറവുമൂലം ടൗണിൽ ഗതാഗത നിയന്ത്രണത്തിന് ആവശ്യത്തിന് ഫോഴ്സിനെ നിയമിക്കാറില്ലാത്തതും ഗതാഗത കുരുക്കിന് കാരണമാകുന്നു.