ചെറുതോണി: വനവത്കരണക്കിന്റെ ഭാഗമായി നട്ടുമുളപ്പിച്ച ചൂരൽ തൈകൾ ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലം നശിക്കുന്നു. കുളമാവ് നെല്ലിപ്പാറയിൽ വന സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന നഴ്സറിയിലാണ് ചൂരൽതൈകൾ നശിക്കുന്നത്. വനവത്കരണത്തിന് വേണ്ടിയുള്ള വനംവകുപ്പിന്റെ പദ്ധതിയിൽപ്പെടുത്തിയാണ് നെല്ലിപ്പാറയിൽ നഴ്സറി ആരംഭിച്ചത്. വനത്തിലുള്ള ചതുപ്പു പ്രദേശങ്ങളിൽ ചൂരൽ തൈകൾ വച്ചുപിടിപ്പിക്കാനായിരുന്നു പദ്ധതി. ഇതനുസരിച്ച് നട്ടുപിടിപ്പിച്ച മുന്നൂറിലധികം കൂടതൈകളാണ് വെയിലേറ്റ് ഉണങ്ങി നശിക്കുന്നത്. എപ്പോഴും തണുപ്പും വെള്ളവും ലഭിക്കുന്ന സ്ഥലത്ത് ചൂരൽ നട്ടുവളർത്തുന്നതിനായിരുന്നു നഴ്സറി ആരംഭിച്ചത്. എന്നാൽ മഴക്കാലം കഴിഞ്ഞ് വേനൽ ആരംഭിച്ചിട്ടും തൈകൾ നട്ടില്ല. തൈകൾ ഗ്രീൻ നെറ്റ് ഉപയോഗിച്ച് മറച്ചിട്ടുണ്ടെങ്കിലും ഇവ തുളച്ച് മുകളിൽ വളർന്നു നിൽക്കുകയാണ്. ഗ്രീൻനെറ്റ് കാലപ്പഴക്കത്താൽ നശിച്ച് തൈകൾക്ക് ശക്തമായ ചൂടേൽക്കുന്ന വിധത്തിലായി. ചൂരൽ തൈകൾ നനയ്ക്കുകയോ നനവുള്ള സ്ഥലത്ത് നടുകയോ ചെയ്താൽ തൈകൾ രക്ഷപ്പെടുമെന്ന് പ്രദേശവാസികൾ പറയുന്നു. അതിനാൽ ലക്ഷക്കണക്കിന് രൂപ ചിലവഴിച്ച് നിർമിച്ച നഴ്സറിയിലെ ചൂരൽ തൈകൾ വച്ചുപിടിപ്പിക്കുകയോ നാട്ടുകാർക്ക് സൗജന്യമായി നൽകുകയോ ചെയ്യണമെന്നാണ് ഇവരുടെ ആവശ്യം.