തൊടുപുഴ: 60 വയസ് കഴിഞ്ഞതോടെ പല്ലുകൾ കൊഴിഞ്ഞ് മറ്റുള്ളവർക്ക് മുന്നിൽ ചെല്ലാനാകാതെ അപകർഷതയോടെ കഴിഞ്ഞിരുന്നവർക്ക് കൃത്രിമപല്ലുകൾ വച്ച് നൽകുന്ന 'മന്ദഹാസം' പദ്ധതിക്ക് ജില്ലയിൽ മികച്ച പ്രതികരണം. ഇതിനകം ഇരുന്നൂറിലധികം പേരാണ് പദ്ധതിയുടെ ഗുണഭോക്താക്കളായത്. ബാക്കിയുള്ള അപേക്ഷകർക്ക് പല്ലുകൾ വച്ച് നൽകുന്നത് പുരോഗമിക്കുകയാണ്. അവസാന തീയതി ഡിസംബർ 15ന് അവസാനിച്ചെങ്കിലും ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ നിന്ന് നിരവധിപ്പേരാണ് ഇപ്പോഴും പദ്ധതിയുടെ ഗുണഭോക്താവാകാൻ അപേക്ഷകൾ നൽകുന്നത്. സാമൂഹ്യനീതി വകുപ്പിന്റെ കീഴിലുള്ള വയോജനസംരക്ഷണത്തിനുള്ള ഫണ്ടിൽ നിന്നാണ് മന്ദഹാസം പദ്ധതിക്ക് തുക ചിലവഴിക്കുന്നത്. പ്രാഥമിക ഘട്ടത്തിൽ 77 ലക്ഷം രൂപയാണ് പദ്ധതി നടത്തിപ്പിന് വേണ്ടി സംസ്ഥാന തലത്തിൽ വകയിരുത്തിയിരിക്കുന്നത്. ഒന്നാം ഘട്ടത്തിൽ ജില്ലയ്ക്ക് ലഭിച്ചത് 6,​75,000 രൂപയാണ്.

60 വയസ് കഴിഞ്ഞ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്ക് പൂർണമായും പുതിയ പല്ലുകൾ വയ്ക്കാൻ സഹായിക്കുന്ന പദ്ധതിയാണിത്. ഇതിന്‌ സാമ്പത്തിക ശേഷിയില്ലാത്തവർക്ക് പദ്ധതി വഴി 5,000 രൂപ സർക്കാർ സഹായം നൽകും.

പദ്ധതി നടത്തിപ്പ് ഇങ്ങനെ

സർക്കാർ ആശുപത്രികളിലെ ദന്തൽ ഡോക്ടർമാർ ശുപാർശ ചെയ്യുന്ന അപേക്ഷകൾ സാമൂഹ്യനീതി വകുപ്പിന്റെ ജില്ലാ ഓഫീസുകളിൽ നൽകണം. സാമൂഹ്യനീതി വകുപ്പ് ജില്ലാ ഓഫീസർ, ജില്ലാ മെഡിക്കൽ ഓഫീസർ, ജില്ലാ ആശുപത്രിയിലെ ദന്തൽ ഡോക്ടർ എന്നിവർ ഉൾപ്പെടുന്ന സമിതി ഗുണഭോക്താക്കളെ തിരഞ്ഞെടുക്കും. എംപാനൽ ചെയ്യുന്ന സ്വകാര്യ ദന്തൽ ആശുപത്രികൾ വഴി പദ്ധതി നടപ്പിലാക്കും. തൊടുപുഴയിൽ രണ്ടും കട്ടപ്പനയിലും അടിമാലിയിലും ഓരോ സ്വകാര്യ ആശുപത്രികൾ വീതവും പദ്ധതി നടത്തിപ്പിനായി എംപാനൽ ചെയ്തിട്ടുണ്ട്.

"ജില്ലയിൽ അപേക്ഷകരുടെ എണ്ണം ഇനിയും വർദ്ധിച്ചാൽ അപേക്ഷകർ കുറവുള്ള മറ്റ് ജില്ലകളിലെ ഫണ്ട് ജില്ലയ്ക്ക് നൽകും. ഇതുവഴി കൂടുതൽ പേർക്ക് ഇതിന്റെ പ്രയോജനം ലഭിക്കാൻ നടപടി സ്വീകരിക്കും."

- സുഭാഷ് കെ.വി, അസിസ്റ്റന്റ് ഡയറക്ടർ,

സാമൂഹ്യനീതി വകുപ്പ്, തിരുവനന്തപുരം