മറയൂർ: ഹോർട്ടികോർപ്പ് കാന്തല്ലൂർ ശീതകാല പച്ചക്കറിയുടെ സംഭരണ വില കുത്തനെ കുറച്ചു. കുറച്ചു ദിവസങ്ങൾക്ക് മുമ്പ് ഒരു കിലോ കാരറ്റിന് 28 രൂപ കർഷകന് നൽകിയ ഹോർട്ടികോർപ്പ് ഒരാഴ്ച മുമ്പ് അത് 19 രൂപയായി കുറച്ചു. തിങ്കളാഴ്ച വീണ്ടും 14 രൂപയായി കുത്തനെ കുറച്ചു. 10 രൂപയ്ക്ക് എടുത്തിരുന്ന കാബേജിന് തിങ്കളാഴ്ച നിശ്ചയിച്ചിരിക്കുന്നത് ഏഴ് രൂപ മാത്രമാണ്. എന്നാൽ പൊതു വിപണിയിൽ കാരറ്റിന് 30 രൂപ മുതൽ 40 രൂപ വരെയും കാബേജിന് 20 രൂപയുമാണ് വില. ഉത്പാദന ചിലവ് പോലും കർഷകനിപ്പോൾ കിട്ടുന്നില്ല. ഹോർട്ടികോർപ്പ് പച്ചക്കറി സംഭരിക്കുന്നതിൽ മടി കാണിക്കുന്നതിനാൽ ഇടനിലക്കാരായ വ്യാപാരികൾ വീണ്ടും വില കുറച്ച് പച്ചക്കറി വാങ്ങുന്നത്. കഴിഞ്ഞ ആറുമാസമായി ഹോർട്ടി കോർപ്പിന് പച്ചക്കറി കാന്തല്ലൂർ കർഷകരിൽ നിന്ന് സംഭരിച്ചു നൽകിയ വി.എഫ്.പി.സി.കെ ലേല വിപണിക്ക് എട്ട് ലക്ഷം രൂപയും കാന്തല്ലൂർ ശീതകാല പച്ചക്കറി വിപണന സംഘത്തിന് 9.1 ലക്ഷം രൂപയും ഹോർട്ടികോർപ്പ് നൽകാനുണ്ട്. നൽകിയ പച്ചക്കറിയുടെ വില ലഭിക്കാതെ കർഷകർ ദുരിതമനുഭവിക്കുകയാണ്. വില ലഭിക്കാതെ വന്നിട്ടും കർഷകരിപ്പോഴും ഹോർട്ടികോർപ്പിന് പച്ചക്കറി നൽകുന്നുണ്ട്.


''നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ഹെഡ്ക്വാർട്ടേഴ്സിൽ ബില്ലുകൾ എത്തിച്ചു. കർഷകന് നൽകാനുള്ള കുടിശിഖ ഉടനടി നൽകും. വിപണിയിലെ വിലയേക്കാളും വർദ്ധിപ്പിച്ചാണ് കർഷകന് ഇപ്പോൾ വില നൽകുന്നത്""

- മൂന്നാർ ഹോർട്ടികോർപ്പ് അസിസ്റ്റന്റ് മാനേജർ ഷൈജു