kilikonchal
കുടുംബശ്രീ മിഷൻ സംഘടിപ്പിച്ച കിളിക്കൊഞ്ചൽ ഫെസ്റ്റിൽ നിന്ന്

ഇടുക്കി: കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടി നടത്തിയ കിളിക്കൊഞ്ചൽ ബഡ്സ് ഫെസ്റ്റ് കാണികൾക്ക് വിസ്മയമായി മാറി. കുമളി ബഡ്സ് സ്‌കൂളിൽ നിന്നും ഉടുമ്പൻചോല ബഡ്സ് റീഹാബിലിറ്റേഷൻ സെന്ററിൽ നിന്നുമുള്ള 35 കുട്ടികളാണ് വിവിധ കലാമത്സരങ്ങളിലും പ്രവൃത്തി പരിചയ മേളയിലുമായി പങ്കെടുത്തത്. നാടോടി നൃത്തവും മിമിക്രിയും പ്രച്ഛന്ന വേഷവും മത്സര ഇനങ്ങളായിരുന്നു. പിഴയ്ക്കാത്ത നൃത്ത ചുവടുകളും മികവുറ്റ പ്രകടനങ്ങളും കൊണ്ട് കുട്ടികൾ വേദിയെ കൈയിലെടുത്തു. ബുദ്ധിമാന്ദ്യം ഉൾപ്പെടെയുള്ള വൈകല്യങ്ങൾ നേരിടുന്ന കുട്ടികളാണ് ബഡ്സ് സ്‌ക്കൂളുകളിലും ബഡ്സ് റീഹാബിലിറ്റേഷൻ സെന്ററുകളിലുമുള്ളത്. കുമളി വൈ.എം.സി.എ ഹാളിൽ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കുഞ്ഞുമോൾ ചാക്കോ ഉദ്ഘാടനം ചെയ്തു. കുമളി വൈസ് പ്രസിഡന്റ് സാൻസി മാത്യു അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ അസിസ്റ്റന്റ് ജില്ലാ മിഷൻ കോ-ഓഡിനേറ്റർ ബിനു ആർ ജില്ലാ പ്രോഗ്രാം മാനേജർ കെ.വി. ബിബിൻ, സി.ഡി.എസ് ചെയർപേഴ്സൺ ഇന്ദിര സുബ്രഹ്മണ്യം എന്നിവർ സംസാരിച്ചു.