നെടുങ്കണ്ടം: നെടുങ്കണ്ടം ശ്രീഉമാമഹേശ്വര ഗുരുദേവക്ഷേത്രത്തിലെ ഉത്സവം ഫെബ്രുവരി നാല് മുതൽ 10 വരെ വിവിധ പരിപാടികളോടെ നടക്കുമെന്ന് ഉത്സവാഘോഷ കമ്മിറ്റി ചെയർമാൻ സി.എൻ. ദിവാകരൻ, ജനറൽ കൺവീനർ ടി.ആർ. രാജീവ് എന്നിവർ അറിയിച്ചു. 5, 6, 7 തീയതികളിൽ ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് അംഗം സ്വാമി സച്ചിദാനന്ദ നേതൃത്വം നൽകുന്ന ധ്യാനം, പ്രഭാഷണങ്ങൾ, സംഗീത സദസ്, കരോക്കെഗാനമേള, പള്ളിവേട്ട, ആറാട്ട് ഘോഷയാത്ര, ബാലെ ബാലവേദി വിദ്യാർത്ഥികളും പച്ചടി എസ്.എൻ.എൽ.പി.സ്കൂൾ വിദ്യാർത്ഥികളും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ എന്നിവയുണ്ടാകും. ഫെബ്രുവരി നാലിന് വൈകിട്ട് ഏഴിന് ക്ഷേത്രം മേൽശാന്തി പെരുമറ്റം പി.ആർ. പുരുഷോത്തമൻ കൊടിയേറ്റുന്നതോടെ ആഘോഷ പരിപാടികൾക്ക് തുടക്കമാകും. അഞ്ചിന് ഉച്ചകഴിഞ്ഞ് 2.30 ന് ആരംഭിക്കുന്ന ധ്യാനം പച്ചടി ശ്രീധരൻ സ്മാരക നെടുങ്കണ്ടം യൂണിയൻ പ്രസിഡന്റ് സജി പറമ്പത്ത് ഉദ്ഘാടനം ചെയ്യും. എസ്.എൻ.ഡി.പി യോഗം ഡയറക്ടർ ബോർഡ് അംഗം കെ.എൻ. തങ്കപ്പൻ ഭദ്രദീപ പ്രകാശനം നടത്തും.