ചെല്ലാർകോവിൽ: തമിഴ്നാട് വനാതിർത്തി പ്രദേശമായ ചെല്ലാർകോവിൽ മെട്ട് - ബ്ലോക്ക് ഭാഗത്ത് പുലിയിറങ്ങി. ഇന്നലെ ഉച്ചയോടെ പാറമല ഷിബുവിന്റെ വീട്ടുമുറ്രത്താണ് പുള്ളിപ്പുലിയെ കണ്ടത്. ഏതാനും ദിവസം മുമ്പും ഇതേ പ്രദേശത്ത് പുലിയെ കണ്ടതായി നാട്ടുകാർ പറഞ്ഞു. ഈ പ്രദേശത്തെ മിക്കവാറും എല്ലാ വീടുകളിലും ആട് മാടുകളും നായ്ക്കളുമുണ്ട്. ഇവയെ പിടികൂടാനാണ് പുലിയെത്തിയതെന്നാണ് കരുതുന്നത്. പെരിയാർ കടുവാസങ്കേതവുമായി ചേർന്നുകിടക്കുന്ന പാണ്ടിക്കാട്ടിൽ പുലിയുടെ നിത്യസാന്നിദ്ധ്യമുണ്ട്. വേനൽക്കാലത്ത് പാണ്ടിക്കാട്ടിലെ പച്ചപ്പുല്ല് ഇല്ലാതായതോടെ മ്ലാവ്, കേഴ തുടങ്ങിയ ഇരമൃഗങ്ങളുടെ എണ്ണം കുറഞ്ഞതാകാം പുലി നാട്ടിലേക്ക് കടന്നതെന്നാണ് കരുതുന്നത്. പട്ടാപ്പകൽ പുലിയെ കണ്ടെന്ന വാർത്ത പരന്നതോടെ നാട്ടുകാർ പരിഭ്രാന്തിയിലാണ്. ഹൈറേഞ്ചിലെ ജനവാസമേഖലയിൽ വന്യമൃഗങ്ങൾ ഇറങ്ങുന്നത് പുതുമയില്ലാത്ത കാര്യമായതുകൊണ്ട് പുലിയെ കണ്ടെന്നു പറഞ്ഞാലും വനംവകുപ്പ് വേണ്ടത്ര ജാഗ്രത പാലിക്കാറില്ലെന്ന പരാതിയുമുണ്ട്.