തൊടുപുഴ: തൊടുപുഴ സബ് രജിസ്ട്രാർ ഓഫീസ് കെട്ടിടത്തിന്റെ മേൽക്കൂരയിലെ സിമന്റ് സ്ലാബ് അടർന്നുവീണു. കാലപ്പഴക്കത്താൽ ജീർണിച്ച കെട്ടിടത്തിന്റെ സീലിംഗ് ഒരടി വീതിയിൽ നാലടിയോളം നീളത്തിൽ അടർന്നുവീഴുകയായിരുന്നു. തൊടുപുഴ നഗരസഭയുടെ വക ജീർണാവസ്ഥയിലുള്ള കെട്ടിടത്തിലാണ് സബ് രജിസ്ട്രാർ ഓഫീസ് വാടകയ്ക്ക് പ്രവർത്തിക്കുന്നത്. റെക്കാഡുകൾ സൂക്ഷിച്ചിരിക്കുന്ന മൂന്ന് മുറികളും രണ്ട് ഓഫീസ് സെക്ഷനും രജിസ്ട്രാറുടെ കാബിനുമുൾപ്പെടെ ആറ് മുറികളിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്. ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് സ്ലാബ് അടർന്നുവീണത്. ഈ സമയത്ത് പത്തോളം ജീവനക്കാർ ഓഫീസിൽ ഉണ്ടായിരുന്നു. ദിവസവും നിരവധി പൊതുജനങ്ങൾ എത്താറുള്ള ഓഫീസ് കെട്ടിടത്തിന്റെ അപകടാവസ്ഥ നഗരസഭാ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നതാണ്. ഭിത്തികൾ വിണ്ടുകീറിയും സീലിങ്ങിലെ സിമന്റ് പ്ലാസ്റ്ററിംഗ് ഇളകിയ നിലയിലുമാണ്. അടിയന്തരമായി കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികൾ നടത്തുകയോ ഓഫീസ് ഇവിടെ നിന്ന് സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റുകയോ ചെയ്യണമെന്നാണ് ജീവനക്കാരുടെ ആവശ്യം.