മറയൂർ: എല്ലാ സ്ഥലത്തും 4 ജി മൊബൈൽ കണക്ഷനെത്തിയിട്ടും അഞ്ചു നാട്ടിൽ ഇപ്പോഴും വൺ ജി പോലുമില്ല. മറയൂർ, കാന്തല്ലൂർ മേഖലയിലെ ഏക മൊബൈൽ സേവനദാതാക്കളായ ബി.എസ്.എൻ.എല്ലിന്റെ സേവനം കഴിഞ്ഞ കുറെ മാസങ്ങളായി പരിതാപകരമാണ്. പരസ്പരം വിളിക്കാൻ കഴിയാത്ത അവസ്ഥ. അഥവാ കിട്ടിയാൽ തന്നെ വ്യക്തതയില്ലാത്തതിനാൽ പരസ്പരം പറയുന്നത് മനസിലാകില്ല. നെറ്റ് സംവിധാനം പൂർണമായും തകരാറിലുമാണ്. മറ്റ് സ്വകാര്യ കമ്പനികളുടെ സേവനം ഈ മേഖലയിൽ ലഭിക്കാത്തതിനാൽ ബി.എസ്.എൻ.എൽ തോന്നിയപോലെയാണ് പ്രവർത്തനം. കേടുപാടുകൾ സംഭവിച്ചാൽ ശരിയാക്കുന്നതിനും വലിയ താത്പര്യം കാണിക്കാറില്ല. ലാൻഡ് ഫോൺ സംവിധാനവും തകരാറിലാണ്. നിലവിലുള്ള ടവറുകളുടെ പ്രസരണ ശേഷി വളരെ കുറവാണ്. 4 ജി സംവിധാനം കൊണ്ടുവരുന്നതിന് മറയൂർ പുന്നക്കരയിൽ പുതിയതായി സ്ഥാപിച്ച ടവറിന്റെ പരിശോധന നടത്തിയെങ്കിലും ഇതുവരെ പ്രാവർത്തികമായിട്ടില്ല. സർക്കാർ ആനുകൂല്യങ്ങൾ, വിദ്യാഭ്യാസ വിഷയങ്ങൾ, തുടങ്ങി നിരവധി കാര്യങ്ങളിലും പരിഹാരം കാണാൻ നെറ്റ് സംവിധാനത്തിലെ പാകപ്പിഴ കാരണം കഴിയുന്നില്ല.