മറയൂർ: മാനിറച്ചി പാചകം ചെയ്ത് കഴിച്ച കേസിൽ പിടിയിലായ പ്രതികളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് മറയൂർ റേഞ്ച് ഓഫീസറെ കോൺഗ്രസ് നേതാക്കൾ അസഭ്യം പറഞ്ഞതായി പരാതി. മറയൂർ ഫോറസ്റ്റ് റേഞ്ച് ഓഫീസർ ജോബ് നെരിയാംപറമ്പിലാണ് മറയൂരിലെ പ്രാദേശിക കോൺഗ്രസ് നേതാക്കൾക്കെതിരെ പരാതി നൽകിയത്. തുടർന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. മറയൂർ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ആൻസി ആന്റണി, മുൻ ബ്ലോക്ക് പഞ്ചായത്തംഗം കെ.പി. രാജൻ, മറയൂർ പഞ്ചായത്തംഗം ജോമോൻ തോമസ് എന്നിവരുൾപ്പെടെ ആറുപേർക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. ഒരാഴ്ച മുമ്പ് മാനിറച്ചി പാചകം ചെയ്ത് കഴിച്ചതുമായി ബന്ധപ്പെട്ട് മറയൂർ സ്വദേശികളായ മൂന്ന് പേരെ റേഞ്ച് ഓഫീസറുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട കോൺഗ്രസ് നേതാക്കൾ റേഞ്ച് ഓഫീസറുടെ ചന്ദന ഡിപ്പോയോട് ചേർന്നുള്ള ക്വാർട്ടേഴ്സിലെത്തി വധിക്കുമെന്ന് ഭീക്ഷണിപ്പെടുത്തിയതായാണ് പരാതി. അതേസമയം കോൺഗ്രസ് നേതാക്കൾക്കൊപ്പം ഉണ്ടായിരുന്ന പ്രവർത്തകരെ വംശീയമായി അധിക്ഷേപിച്ച റേഞ്ച് ഓഫീസറുടെ നടപടി ചോദ്യം ചെയ്യുക മാത്രമാണ് ഉണ്ടായതെന്ന് കോൺഗ്രസ് നേതാക്കൾ പറയുന്നു. സംഭവത്തിൽ റേഞ്ച് ഓഫീസർക്കെതിരെയും മറയൂർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.