ആലടി: കാലവർഷക്കെടുതിയിൽ തകർന്ന വീട് പഞ്ചായത്തിന്റെ ലൈഫ് പദ്ധതിയിൽ പുതുക്കിപ്പണിയാൻ ശ്രമിച്ച വൃദ്ധയ്ക്ക് നേരെ കൈയ്യേറ്റം. ഏലപ്പാറയ്ക്ക് സമീപം ആലടി പടിഞ്ഞാറ്റേതിൽ ടി.കെ. മേരിയ്ക്കാണ് (68) മർദ്ദനമേറ്റത്. ഇവരെ ഉപ്പുതറ സാമൂഹ്യാരാഗ്യോകേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. മേരിയുടെ ഭർത്താവിന്റെ രണ്ടാം ഭാര്യയുടെ ബന്ധുക്കളാണ് അക്രമത്തിന് പിന്നിൽ. വീടിന്റെ തറക്കല്ല് മാന്തിയെടുത്ത് കളയുകയും നിർമ്മാണത്തിന് വേണ്ടി ഇറക്കിയിട്ട പാറപ്പൊടി നശിപ്പിക്കുകയും ചെയ്തു. ഭർത്താവ് മരിച്ചിട്ട് വർഷങ്ങളായി. കുടുംബസ്വത്തായി കിട്ടിയ 22 സെന്റ് സ്ഥലം മേരിയുടെയും മക്കളുടെയും പേരിലാണ്. ഇതിലാണ് വീട് നിർമ്മിക്കാൻ ശ്രമിച്ചത്. അതിനിടെ ഭർത്താവിന്റെ രണ്ടാം ഭാര്യയുടെ തമിഴ്നാട്ടിലുള്ള ബന്ധുക്കൾ സ്ഥലത്തിന് അവകാശവാദമുന്നയിച്ച് രംഗത്ത് എത്തുകയായിരുന്നു.