തൊടുപുഴ: താലൂക്ക് ആശുപത്രിയിലെ നടുവൊടിഞ്ഞ കട്ടിലും കാലിളകിയ കസേരയും വീലൂരിയ വീൽചെയറും ഇനി മൂലയ്ക്ക് തള്ളി നശിപ്പിക്കേണ്ട. എല്ലാ ഉപകരണങ്ങളുടെയും കേടുപാടുകൾ തീർക്കാൻ വാഴക്കുളം വിശ്വജ്യോതി എൻജിനീയറിംഗ് കോളേജ് വിദ്യാർത്ഥികളുടെ നിസ്വാർത്ഥ സേവനമുണ്ടാകും. ആശുപത്രിയിൽ മാത്രമല്ല നിസാര കാരണങ്ങളാൽ വിലപിടിപ്പുള്ള ഉപകരണങ്ങൾ നശിപ്പിച്ചുകളയുന്ന സർക്കാർ ഓഫീസുകളിലും വിദ്യാർത്ഥികളുടെ സേവനം ലഭ്യമാകും. കോളേജിലെ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിലാണ് 'യുവത്വം ആസ്തികളുടെ പുനർനിർമ്മാണത്തിന്' എന്ന മുദ്രാവാക്യവുമായി എത്തിയിരിക്കുന്നത്. ടെക്നിക്കൽ സെല്ലിന്റെ നേതൃത്വത്തിൽ സർക്കാർ ഓഫീസുകളിലെ ഉപയോഗശൂന്യമായ ഉപകരണങ്ങൾ കേടുപാട് തീർത്ത് പുനരുപയോഗത്തിന് പ്രാപ്തമാക്കുക എന്നതാണ് പുനർജനി പദ്ധതിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി താലൂക്ക് ആശുപത്രിയിൽ 25ന് തുടങ്ങിയ വർക്‌ഷോപ്പ് 31 വരെ നീണ്ടുനിൽക്കും. കട്ടിൽ, വീൽ ചെയർ, ട്രിപ്പ് സ്റ്റാന്റുകൾ, കസാര തുടങ്ങിയ എല്ലാ ഉപകരണങ്ങളും കേടുപാടുകൾ തീർത്ത് നൽകും. അതോടൊപ്പം ആശുപത്രി പരിസരത്ത് പൂന്തോട്ടം നിർമ്മിച്ച് വേലികെട്ട് സംരക്ഷിച്ചും നൽകും. 80 വിദ്യാർത്ഥികളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്.