ഇടുക്കി: ബി.പി.എൽ വിഭാഗത്തിൽപ്പെട്ട കുടുംബങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി സ്പീഡ് പോസ്റ്റിൽ അയച്ച 67000 കത്തുകൾ ജില്ലയിലെ വിവിധ തപാൽ ഓഫീസുകളിൽ വിലാസക്കാരെ കാത്തിരിക്കുന്നു. നിർദ്ധന കുടുംബങ്ങളിലെ മുഴുവൻ അംഗങ്ങൾക്കുമായി പ്രതിവർഷം അഞ്ച് ലക്ഷം രൂപ വരെ ചികിത്സാസഹായം ലഭ്യമാക്കുന്ന ആയൂഷ്മാൻ ഭാരത് ഉൾപ്പെടെയുള്ള പദ്ധതികളുടെ വിശദാംശങ്ങളാണ് കത്തിലെ ഉള്ളടക്കം. ബി.പി.എൽ വിഭാഗത്തിൽപ്പെട്ട എല്ലാ കുടുംബത്തിനും പ്റധാനമന്ത്രി കത്തയച്ചിട്ടുണ്ട്. എന്നാൽ കുടുംബനാഥന്റെ പേരും സ്ഥലവും മാത്രമാണ് വിലാസമായി രേഖപ്പെടുത്തിയിരിക്കുന്നത്. അതിനാൽ യഥാർത്ഥ വിലാസക്കാരനെ കണ്ടെത്താൻ ബുദ്ധിമുട്ടുകയാണ്. രണ്ടാഴ്ചയിലേറെയായി ജില്ലയിലെ എല്ലാ തപാൽ ഓഫീസുകളിലും ഇതാണ് സ്ഥിതി. സ്പീഡ് പോസ്റ്റിൽ വരുന്ന കത്തുകൾ സാധാരണ ഒരാഴ്ചവരെ വിലാസക്കാരെ കാത്തുവച്ചിട്ട് ആരും കൈപ്പറ്റിയില്ലെങ്കിൽ മടക്കി അയക്കുകയാണ് പതിവ്. എന്നാൽ പ്രധാനമന്ത്രിയുടെ നിർദ്ദേശാനുസരണം ആയുഷ്‌മാൻ കത്തുകൾ ഒരുമാസം വരെ അതത് പോസ്റ്റ് ഓഫീസുകളിൽ സൂക്ഷിക്കും. അതിനിടെ യഥാർത്ഥ ആളുകളെ കണ്ടെത്തി കത്ത് വിതരണം ചെയ്യുന്നതിനുള്ള ശ്രമത്തിലാണ് തപാൽ ജീവനക്കാർ. ബന്ധപ്പെട്ട ആളുകൾക്ക് പോസ്റ്റ് ഓഫീസിൽ നേരിട്ടെത്തിയും കത്ത് കൈപ്പറ്റാവുന്നതാണ്. ഗൃഹനാഥന്റെ പേര്, പിതാവിന്റെ പേര്, സ്ഥലപ്പേര് (ഉദാ: രാജു കൃഷ്ണൻ, C/o കൃഷ്ണൻ , പീരുമേട്, അഴുത, ഇടുക്കി, കേരള. പിൻ 685531) എന്നിവ പരിശോധിച്ച് കത്ത് നൽകും. കത്തിനുള്ളിൽ കുടുംബത്തിലെ മറ്റ് ഗുണഭോക്താക്കളുടെ പേരും രേഖപ്പെടുത്തിയിട്ടുണ്ടാകും. ബി.പി.എൽ കുടുംബക്കാർ എത്രയും പെട്ടന്ന് അടുത്തുള്ള പോസ്റ്റ് ഓഫീസുകളിൽ എത്തി കത്ത് കൈപ്പറ്റണം.
ആയുഷ്മാൻ ഭാരത് പദ്ധതി
*ഒരു കുടുംബത്തിന് വർഷം അഞ്ച് ലക്ഷം രൂപയുടെ സൗജന്യ ചികിത്സ *കാൻസർ, ഹൃദ്രോഗം തുടങ്ങി 1300 രോഗങ്ങൾക്ക് പരിരക്ഷ
*സർക്കാർ, സ്വകാര്യ മേഖലകളിലെ 13,000 ആശുപത്രികളിൽ സൗജന്യ ചികിത്സ
*പ്രായമോ, കുടുംബത്തിലെ അംഗങ്ങളുടെ എണ്ണമോ ഈ പദ്ധതിക്ക് ബാധകമല്ല.
*ആധാർ കാർഡ് നിർബന്ധമല്ല
*രേഖയായി തിരഞ്ഞെടുപ്പ് കാർഡോ റേഷൻ കാർഡോ മതി *ആശുപത്രികളിലെ ഹെൽപ്പ് ഡെസ്‌കിൽ രജിസ്‌ട്രേഷൻ പരിശോധിക്കാം. *കൂടുതൽ വിവരങ്ങളറിയാൻ: mera.pmjay.gov.in. എന്ന വെബ് സൈറ്റ് *അല്ലെങ്കിൽ ഹെൽപ് ലൈൻ നമ്പർ: 14555
കേരളത്തിൽ 18 ലക്ഷം ഗുണഭോക്താക്കൾ
26 സംസ്ഥാനങ്ങളിലായി 50 കോടിയിലധികം ഗുണഭോക്താക്കൾക്കാണ് പദ്ധതിയിലൂടെ സഹായം ലഭ്യമാക്കുന്നത്. കേരളത്തിൽ 18 ലക്ഷം ബി.പി.എൽ കുടുംബങ്ങൾ പദ്ധതിയുടെ കീഴിൽ വരും.
വിലാസത്തിലെ പ്രതിസന്ധി
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വിലാസക്കാരന്റെ വീട്ടുപേര് നിർബന്ധമല്ല. പേര്, വീട്ടുനമ്പർ, താമസിക്കുന്ന തെരുവ് എന്നിവ മതി. എന്നാൽ കേരളത്തിൽ പേരിനൊപ്പം വീട്ടുപേരും നിർബന്ധമായതാണ് കത്തുകളുടെ വിതരണത്തിൽ കാലതാമസം നേരിടാൻ കാരണമെന്ന് തപാൽ വകുപ്പ് അധികൃതർ പറഞ്ഞു.