അടിമാലി: തീൻമേശയിൽ ഉച്ചയ്ക്ക് ഊണിനൊപ്പം ഒരു മീൻ പൊരിച്ചതോ കറിയോ ഇല്ലാതെ ചോറിറങ്ങില്ലാത്തവരാണ് മലയാളികൾ. ഇടുക്കിക്കാരാണെങ്കിൽ രാവിലെയും വൈകിട്ടും കഴിക്കുന്ന പ്രധാന വിഭവമായ കപ്പയ്ക്കൊപ്പവും മീൻ തന്നെ വേണം. എന്നാൽ ഈ ശീലങ്ങളെല്ലാം പതിയെ മാറി തുടങ്ങിയെന്നാണ് ജില്ലയിലെ മീൻകച്ചവടക്കാർ പറയുന്നത്. ഇടുക്കികാർക്ക് ഏറെ പ്രിയമുള്ള ചാളയ്ക്കും ചൂരയ്ക്കും കൊഴുവയ്ക്കുമെല്ലാം വില ഇരട്ടിയായതോടെ സാധാരണക്കാർ മീൻ വാങ്ങുന്നത് കുറച്ചെന്നാണ് അവർ പറയുന്നത്. നിത്യവും മീൻ വാങ്ങിച്ചിരുന്നവർ പോലും ഇപ്പോൾ കച്ചവടക്കാർക്ക് നേരെ മുഖം തിരിക്കുകയാണ്. ഇതോടെ വിൽപ്പന പകുതിയായി കുറഞ്ഞ മീൻ വ്യാപാരികൾ കച്ചവടം തന്നെ അവസാനിപ്പിക്കേണ്ട ഗതികേടിലാണ്. ഇടുക്കിയുടെ നാട്ടുവഴികളിൽ മീൻകച്ചവടം നടത്തിയിരുന്ന പല ചില്ലറ മീൻവിൽപ്പനക്കാരും കച്ചവടം പാടെ ഉപേക്ഷിച്ച് കഴിഞ്ഞു. നിലവിലെ സാഹചര്യത്തിൽ ചില്ലറ വിൽപ്പനയുമായി മുമ്പോട്ട് പോകാനാകില്ലെന്നാണ് ഇവർ പറയുന്നത്. കടൽ മത്സ്യങ്ങളുടെ ലഭ്യത കുറഞ്ഞതോടെ മീൻ വില ഇരട്ടിയായി കുതിച്ചു കയറിയതാണ് കച്ചവടത്തെ പ്രതികൂലമായി ബാധിച്ചത്. മത്സ്യത്തിന്റെയും മാംസത്തിന്റെയും വില തട്ടിച്ചു നോക്കിയാൽ നിലവിൽ കാര്യമായ അന്തരമില്ല. പല ദിവസങ്ങളിലും ലേല കേന്ദ്രങ്ങളിൽ നിന്ന് വാങ്ങുന്ന മീൻ പൂർണമായി വിറ്റഴിക്കാൻ കച്ചവടക്കാർക്കാകുന്നില്ല. എല്ലാ ദിവസവും കച്ചവടക്കാരന് ഭീമമായ തുക നഷ്ടം സംഭവിക്കുന്നു. കുറഞ്ഞ അളവിൽ മീൻ വിൽപ്പന നടത്തിയാൽ കാര്യമായ ലാഭം ലഭിക്കില്ലെന്നും വ്യാപാരികൾ പറയുന്നു. ഇനിയും മീൻ വില മേലോട്ടുയർന്നാൽ കൂടുതൽ വ്യാപാരികൾ ഈ മേഖലയിൽ നിന്ന് കൊഴിഞ്ഞു പോകാനും സാധ്യതയേറെയാണ്.

'മൂവാറ്റുപുഴയുൾപ്പെടെയുള്ള ലേല കേന്ദ്രങ്ങളിൽ ആവശ്യത്തിന് മീൻ എത്തുന്നില്ലെന്ന് മാത്രമല്ല പ്രധാന മത്സ്യങ്ങൾക്കെല്ലാം തീപിടിച്ച വിലയുമാണ്."

-അടിമാലി മാർക്കറ്റിലെ മത്സ്യവ്യാപാരി പോൾ