ഇടുക്കി: സംസ്ഥാന കലാസാംസ്‌കാരിക വകുപ്പ് വജ്രജൂബിലി ഫെലോഷിപ്പിന്റെ ഭാഗമായി കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന സൗജന്യ കലാപരിശീലന പരിപാടിയുടെ ഉദ്ഘാടനം ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് പഴയ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാലി ജോളി നിർവ്വഹിക്കും. മോഹിനിയാട്ടം, നാടൻപാട്ട്, ശാസ്ത്രീയ സംഗീതം, പെയിന്റിംഗ്, ശില്പകല എന്നീ ഇനങ്ങളിലാണ് പരിശീലനം. കട്ടപ്പന ബ്ലോക്കിലും ബ്ലോക്ക് പരിധിയിലുള്ള ഉപ്പുതറ, അയ്യപ്പൻകോവിൽ, കാഞ്ചിയാർ, ഇരട്ടയാർ, വണ്ടൻമേട്, ചക്കുപള്ളം പഞ്ചായത്തുകളിലും ഓരോ പരിശീലന കേന്ദ്രങ്ങൾ ഉണ്ടാകും. തികച്ചും സൗജന്യമായ കലാ പരിശീലന പരിപാടിയിൽ പ്രായഭേദമെന്യേ ആർക്കും പങ്കെടുക്കാം. ശനി, ഞായർ ദിവസങ്ങളിലാണ് ക്ലാസ്. രണ്ട് വർഷമാണ് പരിശീലനം. താത്പര്യമുള്ളവർക്ക് അതത് പഞ്ചായത്തുകളിലോ ബ്ലോക്ക് പഞ്ചായത്തിലോ അപേക്ഷ നൽകാം. സാംസ്‌കാരിക വകുപ്പിന്റെ ഫെലോഷിപ്പ് നേടിയിട്ടുള്ള അക്കാദമിക് യോഗ്യതയുള്ള കലാകാരൻമാരാണ് പരിശീലനം നൽകുന്നത്. പരിശീലനം നൽകുന്ന കലാദ്ധ്യാപകരുടെ കലാപരിപാടികളും ഉണ്ടാകുമെന്ന് കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാലി ജോളി പറഞ്ഞു.