ഇടുക്കി: നെടുങ്കണ്ടം പഞ്ചായത്തിന്റെ ഒരു വർഷത്തെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾ 21ന് തുടക്കമാകും. 21 മുതൽ മാർച്ച് മൂന്ന് വരെ നെടുങ്കണ്ടം ഫെസ്റ്റ് നടത്തും. പുഷ്പമേള, കാർഷിക മേള, അമ്യൂസ്‌മെന്റ്, കുടുംബശ്രീ ഉത്പന്നങ്ങളുടെ വിപണനം, സെമിനാർ തുടങ്ങി വിവിധ പരിപാടികളുണ്ടാകും. ആദ്യ ദിനത്തിൽ സാംസ്‌കാരിക സമ്മേളനവും വിളംബര റാലിയും നടക്കും. മന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്യും. പഞ്ചായത്തിന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ സ്മരണാർത്ഥം പ്രത്യേക തപാൽ സ്റ്റാമ്പ് തപാൽ വകുപ്പിന്റെ സഹകരണത്തോടെ പുറത്തിറക്കും. പഞ്ചായത്തിന്റെ ചരിത്രം, സംസ്‌കാരം, വിനോദ സഞ്ചാര സാധ്യതകൾ എന്നിവയെല്ലാം ഉൾപ്പെടുത്തി സുവനീറും പുറത്തിറക്കും. സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നിരവധി പദ്ധതികളുടെ പൂർത്തികരണത്തിനും പുതിയ പദ്ധതികളുടെ തുടക്കത്തിനുമാണ് മുൻഗണന നൽകുന്നത്. മൾട്ടി പർപ്പസ് ഇൻഡോർ സ്റ്റേഡിയം, മാലിന്യ പ്ലാന്റിൽ നിന്ന് വൈദ്യുതി, സമ്പൂർണ കുടിവെള്ള പഞ്ചായത്ത്, പഞ്ചായത്ത് സ്റ്റേഡിയത്തിൽ സിന്തറ്റിക് ട്രാക്ക്, മൂന്നാർ, തേക്കടി, രാമക്കൽമേട്, ഇടുക്കി എന്നീ വിനോദ സഞ്ചാരമേഖലകളെ ബന്ധിപ്പിക്കുന്ന ഇടത്താവളമാക്കി നെടുങ്കണ്ടത്തെ മാറ്റുക തുടങ്ങി ചെറുതും വലുതുമായ നിരവധി പദ്ധതികളാണ് ഈ വർഷത്തിൽ പഞ്ചായത്ത് നടപ്പിലാക്കാനുദ്ദേശിക്കുന്നത്.
ജില്ലയ്ക്ക് അനുവദിച്ച കെ.പി തോമസ്മാഷ് ഇൻഡോർ സ്റ്റേഡിയത്തിനായി 1.75 കോടി രൂപയ്ക്ക് പച്ചടിയിൽ അഞ്ച് ഏക്കർ സ്ഥലം കണ്ടെത്തി. ഇതിന്റെ രജിസ്‌ട്രേഷൻ അടക്കമുള്ള കാര്യങ്ങൾ അന്തിമഘട്ടത്തിലാണ്. പഞ്ചായത്ത് സ്റ്റേഡിയം സിന്തറ്റിക് ട്രാക്ക് ആക്കാൻ ഒമ്പത് കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. ഒരു കാലത്ത് കായിക ലോകത്ത് പേരുകേട്ട ഇടുക്കി ജില്ല പഴയ പ്രതാപം വീണ്ടെടുക്കുന്നതിന്റെ സൂചനകളാണിത്. പഞ്ചായത്തിനെ സമ്പൂർണ കുടിവെള്ള പഞ്ചായത്താക്കുകയെന്ന ലക്ഷ്യത്തോടെ ജലനിധി വിഹിതമായി 77 ലക്ഷം രൂപയും മാറ്റിവച്ചു. മാലിന്യ സംസ്‌കരണ പ്ലാന്റിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള പദ്ധതിയുടെ നിർമാണവും അവസാന ഘട്ടത്തിലാണ്. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനായി രണ്ട് ഏക്കർ സ്ഥലം പഞ്ചായത്ത് നൽകി.