gandhi
പ്രശസ് ത കവി കുരീപ്പുഴ ശ്രീകുമാർ ഗാന്ധി സ്മൃതി സദസ്സ് ഉദ്ഘാടനം ചെയ്യുന്നു

തൊടുപുഴ: സ്വാതന്ത്ര്യത്തിന് മുമ്പും അതിന് ശേഷവും സഹിഷ്ണുതയ്ക്കും സാഹോദര്യത്തിനും മാനവികതയ്ക്കും വേണ്ടി നിലകൊണ്ടതുകൊണ്ടാണ് മഹാത്മാ ഗാന്ധി രക്തസാക്ഷിയാകേണ്ടി വന്നതെന്ന് പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാർ പറഞ്ഞു. തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്‌കൂളിൽ ലൈബ്രറി കൗൺസിൽ നടത്തിയ ഗാന്ധി സ്മൃതി സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രത്യേക മതവിഭാഗത്തിന്റെ രാഷ്ട്രമാക്കി ഇന്ത്യയെ മാറ്റണമെന്ന പ്രഖ്യാപിത ലക്ഷ്യം നടപ്പാക്കുന്നതിന് തടസം ഗാന്ധിജിയാണെന്ന് തിരിച്ചറിഞ്ഞാണ് ഗാന്ധി വധം ആസൂത്രണം ചെയ്തതും നടപ്പാക്കിയതും. മഹാത്മജിയുടെ ജീവൻ അപഹരിച്ച വെടിയുണ്ടകൾ കഴിഞ്ഞ ഏഴു പതിറ്റാണ്ടായി ഗർജ്ജിച്ചു കൊണ്ടിരിക്കുകയാണെന്നും ജനാധിപത്യശക്തികൾ ജാഗ്രത പുലർത്തണമെന്നും കവി പറഞ്ഞു. യോഗത്തിൽ സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് അംഗം കെ.എം. ബാബു അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ മാനേജർ ഫാ. ജിയോ തടികാട്ട്, മുതലക്കോടം ജയ്ഹിന്ദ് ലൈബ്രറി പ്രസിഡന്റ് കെ.സി. സുരേന്ദ്രൻ, അൽ ഫിദ് കെ. ഖാദർ,​ സിസ്റ്റർ ലിസ എസ്.എ.ബി.എസ്,​ താലൂക്ക് സെക്രട്ടറി പി.കെ. സുകുമാരൻ എന്നിവർ പ്രസംഗിച്ചു. അഭിജിത് എ സംഗീതവും ആനന്ദ് ജോ നെടുങ്കല്ലേൽ ഓട്ടൻതുള്ളലും അവതരിപ്പിച്ചു.