appukuttan

തൊടുപുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി മൂന്നാഴ്ചയോളം വനവാസം നയിച്ച് നാട്ടുകാരെയും പൊലീസിനെയും വട്ടംകറക്കി,​ ഒടുവിൽ പിടിയിലായ വിരുതനെ ഇന്ന് പീരുമേട് കോടതിയിൽ ഹാജരാക്കും. കോട്ടയം മേലുകാവ് വല്യാറ്റിൽ അപ്പുക്കുട്ടൻ എന്ന ജോർജിയാണ് (23)​ കോട്ടയം- ഇടുക്കി ജില്ലകളുടെ അതിർത്തിയിലെ വനമേഖലയിൽ നിന്ന് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. ഇയാൾക്കൊപ്പം ഇക്കഴിഞ്ഞ ആറു മുതൽ മൂന്നാഴ്ചക്കാലം കാട്ടിൽ താമസിച്ച പെൺകുട്ടിയെ ഹൈക്കോടതിയിൽ ഹാജരാക്കിയ ശേഷം കട്ടപ്പനയിലെ അഭയകേന്ദ്രത്തിലാക്കി. രണ്ടു വർഷം മുമ്പ് ചിങ്ങവനത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയാണ് അപ്പുക്കുട്ടൻ.

പിടിയിലാകുമ്പോൾ ഇലവീഴാപൂ‍ഞ്ചിറ വനത്തിൽ പെൺകുട്ടിയുമായി ഒളിച്ചു താമസിക്കുകയായിരുന്നു പ്രതി. അടൂർ മലയിൽ നിന്ന് കോളപ്ര ഭാഗത്തേക്ക് കാടിറങ്ങി വരുന്നതിനിടെ ചൊവ്വാഴ്ച പുലർച്ചെയാണ് പൊലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്.

പെൺകുട്ടിയുടെ പിതാവ് ഹൈക്കോടതിയിൽ നൽകിയ ഹേബിയസ് കോർപസ് ഹർജിയുടെ അടിസ്ഥാനത്തിൽ മൂന്നാഴ്ചയിൽ അധികമായി വനത്തിൽ പൊലീസ് സംഘം തിരച്ചിൽ ഊ‍ർജിതമാക്കിയിരുന്നു.

അപ്പുക്കുട്ടന്റെ ബൈക്ക് കോളപ്ര അടൂർമല ഭാഗത്ത് കണ്ടെത്തിയതോടെയാണ് അന്വേഷണം ഇലവീഴാപൂഞ്ചിറ കേന്ദ്രീകരിച്ചാക്കിയത്. പാറക്കെട്ടുകളും കുറ്റിക്കാടുകളും നിറഞ്ഞ പ്രദേശത്ത് 35 പൊലീസുകാരും നൂറിലധികം നാട്ടുകാരും ചേർന്ന് മൂന്നാഴ്ച ശ്രമിച്ചിട്ടും ഇവരെ കണ്ടെത്താനായിരുന്നനില്ല. അതിനിടെ പെൺകുട്ടിയുടെ ബാഗും വസ്ത്രങ്ങളും മൊബൈൽ ഫോണും മറ്റും കാട്ടിൽ പല സ്ഥലത്തു നിന്നായി ലഭിച്ചു.

ഒളിവാസത്തിനിടെ ഒറ്റയ്ക്ക് നാട്ടിലേക്കിറങ്ങുന്ന അപ്പുക്കുട്ടൻ ആളില്ലാത്ത പുരയിടങ്ങളിൽ നിന്ന് ഭക്ഷണത്തിനായി കരിക്കും മാങ്ങയും വാഴക്കുലയും മറ്റും മോഷ്ടിച്ച് കാട്ടിലെത്തിച്ചു. ചെവ്വാഴ്ച പുലർച്ചെ തിരച്ചിൽ സംഘത്തെ കണ്ട് ഒാടി മലയടിവാരത്തെ ഒരു വീട്ടിൽ അഭയം തേടിയ പെൺകുട്ടിയെ നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി കസ്റ്റയിലെടുക്കുകയായിരുന്നു. കുടയത്തൂർ വഴി ആനക്കയം ഭാഗത്തേക്ക് രക്ഷപ്പെടാൻ ശ്രമിച്ച അപ്പുക്കുട്ടനെ നാട്ടുകാരാണ് പിടികൂടി പൊലീസിൽ ഏല്പിച്ചത്.