മൂലമറ്റം: പുരയിടത്തിൽ പണിയെടുക്കുന്നതിനിടെ പെരുന്തേനീച്ചയുടെ കുത്തേറ്റ് മൂന്നു പേർ പരിക്കേറ്റു. മൂലമറ്റം പൊട്ടംപടി നെല്ലംകുഴിയിൽ തങ്കൻ, കൊച്ചു പറമ്പിൽ ഗോപി, മുള്ളുവേലിൽ ശശി എന്നിവർക്കാണ് പെരുന്തേനീച്ചയുടെ കുത്തേറ്റത്. ഇവരിൽ തങ്കനാണ് കൂടുതൽ കുത്തേറ്റത്. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെ അരക്കോലിക്കൽ വിക്ടർ എന്നയാളുടെ പുരയിടത്തിൽ പണി ചെയ്തിരുന്നവരെയാണ് പെരുന്തേനീച്ച കൂട്ടമായി ആക്രമിച്ചത്. പണിസ്ഥലത്തുണ്ടായിരുന്ന മറ്റ് നാല് പേർ ഓടി രക്ഷപ്പെട്ടു. പുരയിടത്തിന് സമീപം നിന്നിരുന്ന വലിയ മരത്തിലെ പെരുന്തേനീച്ച കൂട് പരുന്ത് ഇളക്കിയതാണെന്ന് കരുതുന്നു. തേനീച്ച കുത്തേറ്റവരെ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.