തൊടുപുഴ: വെങ്ങല്ലൂരിലെ മുനിസിപ്പൽ സ്കൂളിന്റെ പേരിൽ നിന്ന് സ്ഥലനാമം മാറ്റാനുള്ള സി.പി.എം കൗൺസിലർമാരുടെ നീക്കം നാടിനോടും നാട്ടുകാരോടുമുള്ള അനീതിയാണെന്ന് കോൺഗ്രസ് (ഐ) ബ്ലോക്ക് പ്രസിഡന്റ് ജാഫർഖാൻ മുഹമ്മദ് പറഞ്ഞു. ഓരോ പ്രദേശത്തിനും തനതായ സംസ്കാരവും ശൈലികളും പ്രാദേശിക നാമങ്ങളുമൊക്കെയുണ്ട്. സ്കൂളിന്റെ പേരിനോടൊപ്പം വെങ്ങല്ലൂർ എന്ന സ്ഥലനാമമുള്ളത് എന്തോ വലിയ കുറവാണെന്ന കൗൺസിലർമാരുടെ കണ്ടെത്തൽ വിചിത്രമായിരിക്കുന്നു. സ്കൂൾ നവീകരിക്കുന്നതിനൊപ്പം പുതിയ പേര് ഇടുന്നതിൽ എതിർപ്പില്ല, പക്ഷേ ഏത് പേരായാലും വെങ്ങല്ലൂർ എന്ന സ്ഥലനാമം ചേർത്തുവേണമെന്ന് നിർബന്ധമുണ്ട്. അതില്ലാതെ പേരിടാനാണ് തീരുമാനമെങ്കിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ജാഫർഖാൻ പറഞ്ഞു.