ചെറുതോണി: ഇടുക്കി താലൂക്ക് സപ്ലൈ ഓഫീസിൽ ഓഫീസർ ഇല്ലാത്തതിനാൽ മണിക്കൂറുകളോളം ക്യൂവിൽ നിന്നു വലഞ്ഞ സ്ത്രീകൾ തളർന്നു വീണു. പുതിയ റേഷൻകാർഡ് വാങ്ങുന്നതുൾപ്പെടെ വിവിധ ആവശ്യങ്ങൾക്കായി ഇടുക്കി താലൂക്ക് സപ്ലൈഓഫീസിൽ എത്തിയ സ്ത്രീകളാണ് രാവിലെ ഒമ്പത് മുതൽ ഉച്ചകഴിഞ്ഞ് മൂന്നരവരെ ക്യൂവിൽ നിൽക്കേണ്ടി വന്നത്. രോക്ഷാകുലരായ സ്ത്രീകൾ ബഹളംവെച്ചതിനെ തുടർന്ന് ഉച്ചകഴിഞ്ഞ് മൂന്നരയോടെ ഓഫീസറെത്തി. ടൗണിൽ നിന്നു മാറി കരാർ ഭവന്റെ മൂന്നാം നിലയിലാണ് താലൂക്ക് സപ്ലൈ ഓഫീസ് പ്രവർത്തിക്കുന്നത്. റേഷൻകാർഡ് സ്ത്രീകളുടെ പേരിലായതിനാൽ ഉടമകൾതന്നെ നേരിട്ട് വന്ന് ഓഫീസറിൽ നിന്ന് ഒപ്പിട്ടുവാങ്ങണമെന്നാണ് നിയമം. ജില്ലയിലെ എട്ട് പഞ്ചായത്തുകളും കട്ടപ്പന നഗരസഭയുമാണ് ഇടുക്കി താലൂക്ക് സപ്ലൈ ഓഫീസിന്റെ കീഴിലുള്ളത്. ഈ പഞ്ചായത്തിൽ നിന്നുള്ളവർ രാവിലെ തന്നെയെത്തി ക്യൂവിൽ നിൽക്കാൻ തുടങ്ങിയിരുന്നു. എന്നാൽ ഓഫീസറെത്താത്തതിനാൽ കാർഡുകളോ സർട്ടിഫിക്കറ്റുകളോ തരാൻ കഴിയില്ലെന്ന് ജീവനക്കാർ അറിയിച്ചതോടെ സ്ത്രീകൾ കാത്തുനിൽക്കാൻ തുടങ്ങി. രാവിലെ കൈക്കുഞ്ഞുങ്ങളുമായി എത്തിയ അമ്മമാർ മുതൽ വടികുത്തിപ്പിടിച്ച് എത്തിയ വൃദ്ധകളും രോഗികളായ സ്ത്രീകളും വരെ ക്യൂവിൽ ഇടംപിടിച്ചു. മൂന്നൂറിലധികം സ്ത്രീകളാണ് ഓഫീസിൽ കാത്തുനിന്നത്. സ്ത്രീകൾ ബഹളം വച്ചതിനെ തുടർന്ന് താലൂക്ക് സപ്ലൈ ഓഫീസർ ഉച്ചകഴിഞ്ഞ് മൂന്നരയ്ക്ക് എത്തി. ഇതിനോടകം ഉച്ചഭക്ഷണംപോലും കഴിക്കാതെ ക്യൂവിൽ നിന്നവരിൽ പലരും തളർന്നു വീണു. ചിലർ വരാന്തയിൽ ഇരുന്നുംമറ്റും മണിക്കൂറുകൾ തള്ളിനീക്കി. മൂന്നരയ്ക്ക് ശേഷമാണ് റേഷൻകാർഡുകൾ വിതരണം ചെയ്യാൻ തുടങ്ങിയത്. ഇതിനാൽ കാഞ്ചിയാർ, വാത്തിക്കുടി, രാജാക്കാട്, കൊന്നത്തടി തുടങ്ങിയ പ്രദേശങ്ങളിൽ നിന്നെത്തിയ പലരും കൃത്യസമയത്ത് തിരിച്ചുപോകാൻ കഴിയാതെ വലഞ്ഞു. എന്നാൽ വണ്ടൻമേട് പൊലീസ് സ്റ്റേഷനിൽ ഓഫീസ് ആവശ്യത്തിനായി പോകേണ്ടിവന്നതിനാലാണ് ഓഫീസറെത്താൻ വൈകിയതെന്ന് അധികൃതർ അറിയിച്ചു.