മറയൂർ: മറയൂർ പഞ്ചായത്തിൽ 2018 ഒക്ടോബർ 31 ന് നടന്ന മാൻവേട്ട കേസിന്റെ കാര്യങ്ങൾ തിരക്കാൻ ചെന്ന കോൺഗ്രസ് നേതാക്കളുടെ പേരിൽ കള്ള കേസ് എടുത്തതായി കെ.പി.സി.സി വൈസ് പ്രസിഡന്റ് എ.കെ. മണി വാർത്താസമ്മേളനത്തിൽ പറഞ്ഞു. വംശീയ അധിക്ഷേപം നടത്തിയ റേഞ്ച് ഓഫീസർക്കെതിരെ പൊലീസ് കേസ് എടുക്കുവാൻ തയ്യാറാകുന്നില്ല. ജാമ്യമില്ലാ വകുപ്പ് ഉൾപ്പെടുത്തി മറയൂർ മണ്ഡലം പ്രസിഡന്റ് ആൻസി ആന്റണി, ബ്ലോക്ക് ജനറൽ സെക്രട്ടറി കെ.പി. രാജൻ, മുൻ പഞ്ചായത്ത് പ്രസിഡന്റും സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാനുമായ ജോമോൻ തോമസ് എന്നിവരുടെ പേരിലാണ് മറയൂർ പൊലീസ് കേസെടുത്തിരിക്കുന്നത്. മറയൂർ റേഞ്ച് ഓഫീസർ ജോബ്. ജെ. നര്യാംപറമ്പിലിന്റെ പരാതിയിലാണ് കേസ്. സി.പി.എമ്മിന്റെ ജനപ്രതിനിധികളടക്കമുള്ള ഉന്നത നേതാക്കളുടെ ഇടപെടലിലാണ് കേസെടുത്തിരിക്കുന്നത്. സി.പി.എം പഞ്ചായത്തംഗം പ്രതിയായ കേസിൽ ജാള്യത മറയ്ക്കാൻ കോൺഗ്രസ് അനുഭാവികളായ യുവാക്കളെ കൂടി കള്ള കേസിൽ ഉൾപ്പെടുത്തുകയായിരുന്നു. നേതാക്കളുടെ പേരിലുള്ള കേസ് പിൻവലിക്കുകയും ഓഫീസർക്കെതിരെ നൽകിയ പരാതിയിൽ കേസെടുക്കുകയും ചെയ്തില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ വനം വകുപ്പ് ഓഫീസിനു മുന്നിൽ ആരംഭിക്കുമെന്ന് എ.കെ. മണി പറഞ്ഞു. ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറി മുനിയാണ്ടി, മൂന്നാർ ബ്ലോക്ക് പ്രസിഡന്റ് ഡി. കുമാർ, മറയൂർ പഞ്ചായത്ത് പ്രസിഡന്റ് ആരോഗ്യ ദാസ്, കാന്തല്ലൂർ മണ്ഡലം പ്രസിഡന്റ് മുത്തു കൃഷ്ണൻ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ആരോഗ്യം എന്നിവർ പങ്കെടുത്തു.