പീരുമേട്: സി.പി.എം അംഗമായ രജനി വിനോദിനെ പീരുമേട് പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുത്തു. എട്ടിനെതിരെ ഒമ്പത് വോട്ടുകൾ നേടിയാണ് രജനി വിനോദ് വിജയിച്ചത്. എ.ഐ.ഡി.എം.കെ പ്രതിനിധി എസ്. പ്രവീണയായിരുന്നു യു.ഡി.എഫിന്റെ പ്രസിഡന്റ് സ്ഥാനാർത്ഥി. പീരുമേട് 14-ാം വാഡിൽ നിന്ന് വിജയിച്ചാണ് രജനി വിനോദ് പഞ്ചായത്ത് ഭരണ സമിതിയിൽ എത്തിയത്. ടി.എസ്. സുലേഖ പ്രസിഡന്റ് സ്ഥാനം രാജി വച്ച് ഒഴിഞ്ഞതോടെയാണ് പഞ്ചായത്ത് ഭരണസമിതിയിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് വേണ്ടിവന്നത്. കോൺഗ്രസ് സ്ഥാനാർത്ഥിയായി കല്ലാർ വാർഡിൽ നിന്ന് വിജയിച്ച സുലേഖ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. ഭരണസമിതിയിലെ ഭിന്നതയെ തുടർന്ന് 2017 ഡിസംബർ എട്ടിന് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. പിന്നീട് എൽ.ഡി.എഫ് പിന്തുണയോടെ പ്രസിഡന്റ് സ്ഥാനം നിലനിറുത്തുകയായിരിന്നു. സുലേഖയ്ക്കൊപ്പം വൈസ് പ്രസിഡന്റ് രാജു വടുതലയും കൂറുമാറി സി.പി.എമ്മിൽ ചേർന്നിരുന്നു. രണ്ടു പേരും കൂറ് മാറിയതോടെ യു.ഡി.എഫിന് പഞ്ചായത്ത് ഭരണവും നഷ്ടമായി. കൂറുമാറ്റ നിയമ പ്രകാരം നടപടി ആവശ്യപ്പെട്ട് യു.ഡി.എഫ് ഇരുവരുടെ പേരിലും തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയിരുന്നു. കേസിന്റെ വിധി ഫെബ്രുവരി ആദ്യ ദിനങ്ങളിൽ വരാനിരിക്കെയാണ് സുലേഖ വീണ്ടും പ്രസിഡന്റ് പദവി രാജി വെച്ചത്. പ്രസിഡന്റ് തിരഞ്ഞെടുപ്പ് പൂർത്തിയായതോടെ വൈസ് പ്രസിഡന്റും ഉടൻ രാജി വയ്ക്കുമെന്നാണ് ലഭിക്കുന്ന സൂചന. സമാന സാഹചര്യത്തിൽ അഴുത ബ്ലോക്ക് പഞ്ചായത്തിൽ എൽ.ഡി.എഫിന് ഭരണം നഷ്ടപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പ് കമ്മിഷൻ അയോഗ്യത കൽപ്പിക്കുന്നതിനു മുമ്പ് പ്രസിഡന്റ് പദവി രാജി വെപ്പിച്ച് സുലേഖയുടെയും വൈസ് പ്രസിഡന്റ് രാജു വടുതലയുടെയും വോട്ടവകാശം ഉപയോഗിക്കുകയാണ് എൽ.ഡി.എഫ് ചെയ്തത്. ഇതോടെ പീരുമേട് പഞ്ചായത്തിൽ എൽ.ഡി.എഫിന് ഭരണം തുടരാനായി.