ഇടുക്കി: വട്ടവട പഞ്ചായത്തിലെ കോവിലൂർ മേഖലയിൽ നടപ്പിലാക്കുന്ന കുടിവെള്ള പദ്ധതിയുടെ തറക്കല്ലിടീൽ നടനും എം.പിയുമായ സുരേഷ് ഗോപി നിർവ്വഹിച്ചു. പഞ്ചായത്തലെ 5, 6, 7, 8 വാർഡുകളിലായാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതയിലൂടെ 2500 കുടുംബങ്ങൾക്ക് കുടിവെള്ളം എത്തിക്കും. ഇതിന്റെ പേര് അഭിമന്യു സ്മാരക കുടിവെള്ള പദ്ധതിയെന്നാക്കണമെന്ന് സുരേഷ് ഗോപി പഞ്ചായത്ത് ഭരണസമിതിയോട് ആവശ്യപ്പെട്ടു. പദ്ധതിയുടെ പേര് മാറ്റുന്നത് പഞ്ചായത്ത് കമ്മിറ്റിയിൽ ആലോചിച്ച് നടപ്പലാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി. രാമരാജ് പറഞ്ഞു. കോവിലൂരിലെ റോഡുകളുടെ വികസനത്തിനും വിദ്യാലയങ്ങളുടെ പുനരുദ്ധാരണങ്ങൾക്കും കേന്ദ്രസർക്കാരിന്റെ കൂടുതൽ ധനസഹായം ആവശ്യപ്പെടുമെന്ന് സുരേഷ് ഗോപി എം.പി പറഞ്ഞു. ജില്ലാ കളക്ടർ കെ. ജീവൻ ബാബു മുഖ്യാതിഥിയായിരുന്നു. പഞ്ചായത്ത് സെക്രട്ടറി ആർ. നന്ദകുമാർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജകുമാരി നൈനാർസാമി, സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായ അളകർരാജ്, കുമാർ എസ്.ഇ, രാജമ്മ ബാലമാരി എന്നിവർ ചടങ്ങിൽ സംസാരിച്ചു.