ഇടുക്കി: കലാവാസനകളെ പരിപോഷിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന കലാസാംസ്‌കാരിക വകുപ്പ് വജ്രജൂബിലി ഫെലോഷിപ്പിന്റെ ഭാഗമായി കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന സൗജന്യ കലാപരിശീലന പരിപാടിക്ക് തുടക്കമായി. പഴയ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാലി ജോളി ഉദ്ഘാടനം ചെയ്തു. മോഹിനിയാട്ടം, നാടൻപാട്ട്, ശാസ്ത്രീയ സംഗീതം, പെയിന്റിംഗ്, ശില്പകല എന്നീ ഇനങ്ങളിലാണ് പരിശീലനം. ബ്ലോക്ക് പരിധിയിലുള്ള വിവിധ പഞ്ചായത്തുകളിലെ അഞ്ചു കേന്ദ്രങ്ങളിലായി ആഴ്ചയിൽ നാല് ക്ലാസുകളാണ് നൽകുന്നത്. സൗജന്യമായ കലാപരിശീലനത്തിൽ പങ്കെടുക്കുന്നതിന് പ്രായപരിധിയില്ല. സാംസ്‌കാരിക വകുപ്പിന്റെ ഫെലോഷിപ്പ് നേടിയിട്ടുള്ള അക്കാദമിക് യോഗ്യതയുള്ള കലാകാരൻമാരാണ് പരിശീലനം നൽകുന്നത്. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിജി. കെ. ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. ബി.ഡി.ഒ ഷാഫി പ്രസാദ്, ബ്ലോക്ക് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാരായ രാജേന്ദ്രൻ മാരിയിൽ, സന്ധ്യ രാജ, കുട്ടിയമ്മ സെബാസ്റ്റ്യൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കാഞ്ചിയാർ രാജൻ, രാജേഷ് കുഞ്ഞുമോൻ, ഇന്ദിരാ ശ്രീനി, അമ്പിളി വി.ജി, വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതി ജില്ലാ കോ- ഓർഡിനേറ്റർ മോബിൻ മോഹൻ എന്നിവർ സംസാരിച്ചു.