തിരുവനന്തപുരം: പ്രളയക്കെടുതിയിൽ തകർന്ന ഇടുക്കിയ്ക്ക് ബഡ്ജറ്റിൽ പ്രത്യേക പാക്കേജ് അനുവദിക്കാത്തത് ആശങ്കാജനകമാണെന്ന് റോഷി അഗസ്റ്റിൻ എം.എൽ.എ പറഞ്ഞു. വീടും സ്ഥലവും നഷ്ടപ്പെടുകയും ജീവനോപാധികൾ ഇല്ലാതാകുകയും ചെയ്ത നിരവധിയാളുകളുടെ പ്രതീക്ഷയായിരുന്നു സംസ്ഥാന ബഡ്ജറ്റ്. പ്രളയക്കെടുതിയെ തുടർന്ന് തകർന്നടിഞ്ഞ ജില്ലയിലെ റോഡുകൾ ഗതാഗതയോഗ്യമാക്കുന്നതിന് പ്രത്യേക പരിഗണന നൽകേണ്ടതായിരുന്നു. പ്രളയബാധിത പഞ്ചായത്തുകളിലെ കൃഷി പുനരുജ്ജീവനത്തിന് 2500 കോടി രൂപ പ്രത്യേക സഹായം അനുവദിക്കുമെന്ന പ്രഖ്യാപനം ആശ്വാസകരമാണ്. എന്നാൽ 770 കോടി രൂപ പദ്ധതിയിൽ നിന്നും 282 കോടി രൂപ കേന്ദ്രാവിഷ്തൃത പദ്ധതിയിൽ നിന്നും 200 കോടി രൂപ വിദേശ ധനസഹായ പദ്ധതികളിൽ നിന്നും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പ്രഖ്യാപനം. ഇതോടൊപ്പം തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പദ്ധതിയിൽ നിന്ന് ആയിരം കോടി രൂപയെങ്കിലും കൃഷിക്കായി നീക്കിവയ്ക്കുമെന്നും,​ ഇങ്ങനെ 2500 കോടി രൂപയും ലക്ഷ്യമിടുന്നു. എന്നാൽ വിവിധ പദ്ധതികളിൽ നിന്നും മാറ്റി വയ്ക്കുന്നതിന് പകരം സർക്കാർ ഖജനാവിൽ നിന്നും കാർഷിക മേഖലയുടെ പുനരുദ്ധാരണത്തിന് തുക നീക്കി വച്ച് പുനരുദ്ധാരണം ഉറപ്പാക്കുകയായിരുന്നു വേണ്ടിയിരുന്നത്. ഇടുക്കി മെഡിക്കൽ കോളേജിന്റെ തുടർ പഠനം അടുത്ത അധ്യയന വർഷമെങ്കിലും സാധ്യമാകത്തക്കവിധം തുടർ പ്രവർത്തന പ്രഖ്യാപനമാണ് ഇടുക്കി ജനത പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ആരോഗ്യ മേഖലയിൽ ഇടുക്കി മെഡിക്കൽ കോളേജിനെ പരാമർശിക്കാത്തത് ആശങ്കാജനകമാണെന്നും എം.എൽ.എ. പറഞ്ഞു.