തൊടുപുഴ: കേരളത്തിലെ എയ്ഡഡ് സ്‌കൂൾ അദ്ധ്യാപകരുടെ സ്വതന്ത്ര സംഘടനയായ പ്രൈവറ്റ് സ്‌കൂൾ ഗ്രാജുവേറ്റ് ടീച്ചേഴ്സ് അസോസിയേഷൻ (പി.ജി.ടി.എ) കേരളയുടെ 58-ാം സംസ്ഥാന സമ്മേളനത്തിന് തുടങ്ങനാട് സെന്റ്‌ തോമസ് ഹൈസ്‌കൂളിൽ തുടക്കമായി. മൺമറഞ്ഞ നേതാക്കളെ അനുസ്മരിക്കുന്ന ഗുരുപ്രണാമം സംസ്ഥാന പ്രസിഡന്റ് സിബി ആന്റണി തെക്കേടത്ത് ഉദ്ഘാടനം ചെയ്തു. സോബിൻ ജോർജ്ജ്, അമൽ മാത്യു അഗസ്റ്റിൻ, ജോസഫ് കെ.എം, ജോസുകുട്ടി ജോസഫ്, സ്‌കൂൾ ഹെഡ്മിസ്ട്രസ് ഷാനിജോൺ, സിമി കെ. ജോസ് എന്നിവർ പങ്കെടുത്തു. ഇന്ന് രാവിലെ ഒമ്പതിന് സംസ്ഥാന പ്രസിഡന്റ് സിബി ആന്റണി പതാക ഉയർത്തും. തുടർന്ന് പ്രതിനിധികളുടെ രജിസ്‌ട്രേഷൻ നടക്കും. വൈകിട്ട് 3.30ന് ഹയർസെക്കൻഡറി വിഭാഗം കൺവീനർ ജോസ് മാത്യുവിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സാംസ്‌കാരിക സമ്മേളനം കോന്നിയൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. പ്രശസ്ത നോവലിസ്റ്റ് ജയിംസ് ചൂരനോലി മുഖ്യാതിഥിയായിരിക്കും. നാളെ രാവിലെ ഒമ്പതിന് പൂർവ്വകാലനേതാക്കളെ ആദരിക്കുന്ന ഗുരുവന്ദനം മുൻ എം.എൽ.എ ജോസഫ് വാഴക്കൻ ഉദ്ഘാടനം ചെയ്യും. 11.30ന് സംസ്ഥാന പ്രസിഡന്റ് സിബി ആന്റണിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനം വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും.