തൊടുപുഴ: ബഡ്ജറ്റ് ഇടുക്കി ജില്ലയെ സംബന്ധിച്ച് നിരാശാജനകമാണെന്ന്‌ കേരളാകോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് പ്രൊഫ. എം.ജെ. ജേക്കബ് പറഞ്ഞു. പ്രളയ ദുരന്തത്തിൽ ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കേണ്ടി വന്നത് ഇടുക്കി ജില്ലയ്ക്കാണ്. ആലപ്പുഴ, വയനാട് ജില്ലകൾക്ക് പ്രത്യേക പാക്കേജ് അനുവദിച്ചപ്പോൾ ഇടുക്കിയെ അവഗണിച്ചു. ദീർഘകാല നാണ്യവിളകൾ ഉത്പാദിപ്പിക്കുന്ന ജില്ലയിലെ കാർഷികമേഖലയുടെ പുനരുദ്ധാരണത്തിന് പ്രത്യേകം പദ്ധതിയൊന്നും പ്രഖ്യാപിച്ചിട്ടില്ല. കടബാധ്യത മൂലം ജില്ലയിൽ അടുത്തിടെ രണ്ട് കർഷകരാണ് ആത്മഹത്യ ചെയ്തത്. കാർഷിക കടങ്ങൾക്ക് ഇളവു നൽകുന്ന സഹായ പദ്ധതികൾ ബഡ്ജറ്റിൽ പ്രതീക്ഷിച്ചിരിന്നെങ്കിലും ഈക്കാര്യത്തിലും തികഞ്ഞ അവഗണനയാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.