തൊടുപുഴ: ബഡ്ജറ്റിൽ പൂർണ്ണമായും ഇടുക്കിയെ അവഗണിച്ചെന്നു ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ. പ്രളയംമൂലം തകർന്നടിഞ്ഞ ഇടുക്കിയിലെ കാർഷിക മേഖലയെ കൈപിടിച്ച് ഉയർത്തുന്നതിന് ഒരു പദ്ധതിയും സർക്കാർ പഖ്യാപിക്കാത്തത് നിരാശജനകമാണ്. മറ്റ് പല ജില്ലകൾക്കും പ്രത്യേക പരിഗണന നൽകിയപ്പോളാണ് ഇടുക്കിയെ അവഗണിച്ചിരിക്കുന്നത്. ജില്ലയിൽ നിന്ന് ഒരു മന്ത്രി ഉണ്ടായിട്ട് പോലും ജില്ലയ്ക്കായി പ്രത്യേക പാക്കേജ് അനുവദിക്കാത്തതും കാർഷിക വായ്പകളിൽ ഇളവ് പ്രഖ്യാപിക്കാത്തതും പ്രതിഷേധർഹമാണ്. തകർന്നടിഞ്ഞ റോഡുകളുടെ പുനഃരുദ്ധാരണമടക്കം ജില്ലയിലെ അടിസ്ഥാന ആവശ്യങ്ങൾ സർക്കാർ കണ്ടില്ലന്ന് നടിക്കുകയാണ്. മുൻ യു.ഡി.എഫ് സർക്കാർ കൊണ്ടുവന്ന ഇടുക്കി മെഡിക്കൽ കോളേജിനെ കുറിച്ച് പരാമർശിച്ചിട്ടുപോലുമില്ല. റബർ കർഷകന് നേരിട്ട് പ്രയോജനം ലഭിക്കുന്ന ഒരു പദ്ധതിയും പ്രഖ്യാപിച്ചിട്ടില്ല. തോട്ടം തൊഴിലാളികളുടെ ശമ്പള വർധനവും മറ്റ് ആനുകൂല്യങ്ങളും വർദ്ധിപ്പിക്കണമെന്ന ആവശ്യം പാടെ അവഗണിച്ചു. ഈ അവഗണന ജില്ലയിൽ നിന്നുള്ള മന്ത്രിയുടെയും മറ്റ് ഇടതുപക്ഷ ജനപ്രതിനിധികളുടെയും അറിവോടെ ആണോയെന്നും കല്ലാർ ചോദിച്ചു. ബഡ്ജറ്റ് അവഗണനയിൽ പ്രതിഷേധിച്ച് കൊണ്ട് ഇന്ന് കരിദിനമായി ആചരിക്കുമെന്നും നിയോജകമണ്ഡലം ആസ്ഥാനങ്ങളിൽ പ്രതിഷേധ പ്രകടനം നടത്തുമെന്നും ഡി.സി.സി. പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ അറിയിച്ചു.