മറയൂർ: സൈക്കിളിൽ സ്വന്തം പഞ്ചായത്ത് പോലും ചുറ്റികറങ്ങാൻ മടിയുള്ള നമ്മൾ നെതർലെൻഡ്സിൽ നിന്നെത്തിയ ഓക്കിന്റെയും ഹിൽജിന്നിന്റെയും കഥ കേട്ടാൽ ഞെട്ടും. ഇരുവരും സൈക്കിളിൽ ഇതുവരെ താണ്ടിയത് 24 രാജ്യങ്ങളാണ്.- 12,000 കിലോമീറ്റർ ദൂരം സൈക്കിൾ ചവിട്ടി. ഇന്ത്യയല്ലാതെ മറ്റൊരു രാജ്യം ഇതുവരെ കണ്ടിട്ടില്ലാതെ നമ്മളിൽ പലർക്കും ഇത് വിശ്വസിക്കാനാകില്ല. പക്ഷേ സത്യമാണ്. നെതർലെൻഡ് സ്വദേശികളായ ഓക്ക് വാൻ ഡ്രിമ്മലീനും(49) ഹിലി ജീൻ റുയി നോമൻസുമാണ് (39) ഈ അത്ഭുത മനുഷ്യർ. ബെൽജീയം, ജർമ്മനി, ഫ്രാൻസ്, സ്വിറ്റ്സർലൻഡ്, സ്ലോവേനിയ, തുർക്കി, അർമേനിയ, ഇറാൻ, യു.എ.ഇ തുടങ്ങിയ നിരവധി രാജ്യങ്ങളാണ് ഇവർ പിന്നിട്ടത്. ഇറാനിലും ഒമാനിലും വിസാ പ്രശ്നം ഉണ്ടായതിനാൽ വിമാനയാത്ര വേണ്ടി വന്നു. ബാക്കി എല്ലാ രാജ്യങ്ങളിലും സൈക്കിളിലായിരുന്നു യാത്ര. ഒമാനിൽ നിന്നുമാണ് ഇന്ത്യയിൽ എത്തിയത്. ഇരുവരും പശ്ചിമഘട്ട മലനിരകളുടെ വന്യത തേടി മറയൂരിലെത്തിയിട്ടുണ്ട്. കേരളത്തിന്റെ സംസ്‌കാരവും ഭക്ഷണവും പ്രകൃതിയും ഏറെ ഇഷ്ടപ്പെട്ടതായി ഇവർ പറയുന്നു. കേരളത്തിൽ ഒമ്പതു ദിവസം കൂടി തങ്ങാനാണ് തീരുമാനം. രണ്ടു മാസം ഇന്ത്യയിലെ വിവിധ സ്ഥലങ്ങൾ സന്ദർശിച്ചശേഷം നേപ്പാളിലേക്ക് പോകാനാണ് തീരുമാനം.