മറയൂർ: ഹൈറേഞ്ച് നിവാസികളുടെ നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിൽ അമൃത എക്സ്പ്രസ്സിന് ഉടുമലൈ പേട്ടയിൽ സ്റ്റോപ്പ് അനുവദിച്ച് റെയിൽവേ ഉത്തരവായി. ജോയ്സ് ജോർജ് എം.പിയും പൊള്ളാച്ചി എം.പി മഹേന്ദ്രനും അമൃത ട്രെയിൻ ഉടുമലൈയിൽ നിർത്തണമെന്നാവശ്യപ്പെട്ട് റെയിൽവേ മന്ത്രാലയത്തിന് നിവേദനം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്റ്റോപ്പ് അനുവദിച്ചത്. ഫെബ്രുവരി രണ്ട് മുതൽ മധുര- തിരുവനന്തപുരം സർവ്വീസ് നടത്തുന്ന ഈ ട്രെയിൻ ഉടുമലൈയിൽ രണ്ടു മിനിറ്റ് നേരം നിറുത്തും. പൊള്ളാച്ചിയിൽ നിന്ന് രാവിലെ ഒമ്പതിന് മധുരയിലേക്ക് വരുന്ന 16343 നമ്പർ ട്രെയിൻ 9.25 ന് ഉടുമലൈയിൽ എത്തിച്ചേരും. 9.27ന് ഉടുമലൈയിൽ നിന്ന് ട്രെയിൻ പുറപ്പെടും. വൈകിട്ട് പഴനിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരുന്ന 16344 നമ്പർ ട്രെയിൻ 6.20ന് ഉടുമലൈയിൽ നിറുത്തി 6.22 ന് പുറപ്പെടുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. ഇതു സംബന്ധിച്ച് സമയക്രമീകരണത്തിന്റെ നിർദ്ദേശം ബുധനാഴ്ച എല്ലാ സ്റ്റേഷനുകളിലും എത്തി. ഈ സമയക്രമം 2019 മേയ് ഒമ്പത് വരെയാണ് നിശ്ചയിച്ചിരിക്കുന്നത്. അതിന് ശേഷം പുതിയ സമയക്രമം വരുമെന്നും കൊല്ലങ്കോട് റെയിൽവേ സ്റ്റേഷനിൽ കൂടി സ്റ്റോപ്പ് അനുവദിക്കുമെന്നും റെയിൽവേ അറിയിച്ചു. 2012ലാണ് പാലക്കാട് പഴനി റെയിൽ പാത മീറ്റർഗേജിൽ നിന്ന് മാറ്റി ബ്രോഡ്‌ഗേജാക്കി ഉയർത്തിയത്. ചില പാസഞ്ചർ ട്രെയിനുകൾക്ക് മാത്രമാണ് ഉടുമലൈയിൽ സ്റ്റോപ്പ് അനുവദിച്ചത്. കേരളാ അതിർത്തിയിൽ റെയിൽവേ പാതയുണ്ടായിട്ടും അതിന്റെ പ്രയോജനം ഇതുവരെ ഹൈറേഞ്ച് നിവാസികൾക്ക് കിട്ടിയിരുന്നില്ല.