അടിമാലി: കാൽനൂറ്റാണ്ടോളം കുരുന്നുകൾക്ക് വിദ്യപകർന്ന 74കാരനായ അദ്ധ്യാപകൻ അന്തിയുറങ്ങാൻ ഒരു വീടിനായി സർക്കാരോഫീസുകൾ കയറി ഇറങ്ങുന്നു. വെള്ളത്തൂവൽ വിമലാ സിറ്റി എസ്. വളവ് സ്വദേശി കെ.ജെ. കുര്യനും ഭാര്യ മേരിക്കുട്ടിയുമാണ് കയറി കിടക്കാൻ സ്വന്തമായൊരു വീടില്ലാതെ ഉഴറുന്നത്. തലചായ്ക്കാനൊരു കിടപ്പാടമില്ലാതെ വരുമെന്ന് ഈ അധ്യാപകൻ ഒരിക്കലും കരുതിയിരുന്നില്ല. കഴിഞ്ഞ ആഗസ്റ്റിലുണ്ടായ പേമാരിയിലും ഉരുൾപൊട്ടലിലും വെള്ളത്തൂവൽ എസ് വളവിലുണ്ടായിരുന്ന ഇവരുടെ വീടും 60 സെന്റ് ഭൂമിയും ഗൃഹോപകരണങ്ങളും വസ്ത്രവും വളർത്തുമൃഗങ്ങളുമെല്ലാം ഒലിച്ചുപോയി. തകർന്ന വീടിനുള്ളിൽ അകപ്പെട്ട കുര്യന്റെ നട്ടെല്ല് പൊട്ടുകയും ഇടുപ്പ് അസ്ഥി തകരുകയും ചെയ്തു. മൂന്നര മാസത്തോളം വിവിധ ആശുപത്രികളിൽ ചികിത്സ തേടി. മൂന്നു ലക്ഷത്തോളം രൂപ ചിലവായി. സർക്കാർ സഹായമായി ലഭിച്ചത് 60000 രൂപ മാത്രം. സ്വന്തമായി ഉണ്ടായിരുന്ന സ്ഥലത്ത് ഇനി വീട് നിർമ്മിക്കാനാകില്ലെന്ന് കുര്യൻ പറയുന്നു. ചികിത്സയ്ക്ക് ശേഷം ഊന്നു വടിയുടെ സഹായത്താൽ 60 ശതമാനം അംഗപരിമിതൻ കൂടിയായ ഈ അദ്ധ്യാപകൻ നടന്നു തുടങ്ങിയിട്ടുണ്ട്. വീടിനുള്ള അപേക്ഷ സമർപ്പിച്ചിട്ടുണ്ടെങ്കിലും ഇതുവരെ പരോഗതിയൊന്നുമില്ല.