കണ്ണൂർ:മത്സ്യ തൊഴിലാളികൾക്ക് കാലങ്ങളായി ലഭിച്ചു കൊണ്ടിരിക്കുന്ന ഭവന നിർമ്മാണ പദ്ധതി നടപ്പിലാക്കാതെ സർക്കാർ.കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിഹിതത്തോടെ നടപ്പിലാക്കി വരുന്ന മത്സ്യതൊഴിലാളികൾക്കുള്ള ഭവന നിർമ്മാണ പദ്ധതിയാണ് ലൈഫ് മിഷന്റെ പേരിൽ അട്ടിമറിക്കപ്പെടുന്നത്. മത്സ്യതൊഴിലാളി ക്ഷേമ നിധിയിൽ ഉള്ളവർക്ക് ഭവന നിർമ്മാണം,വീട് അറ്റകുറ്റപണി എന്നിങ്ങനെ രണ്ട് ആനൂകൂല്യങ്ങൾ ഫിഷറീസ് വകുപ്പ് നൽകി വരുന്നുണ്ട്.ലൈഫ് മിഷൻ പദ്ധതി വന്നതോടെ ഫിഷറീസ് വകുപ്പ് ഈ രണ്ട് ആനുകൂല്യങ്ങളും നിർത്തലാക്കിയ മട്ടാണ്. നിലവിൽ പദ്ധതിയിലേക്ക് അപേക്ഷയൊന്നും വിളിക്കാത്ത സ്ഥിതിയുമാണ് പകരം മത്സ്യത്തൊഴിലാളികളെ ലൈഫ് മിഷൻ പദ്ധതിയിലാണ് ഉൾപ്പെടുത്തുന്നത്.വ്യക്തമായ മാനദണ്ഡങ്ങൾ അനുസരിച്ച് മാത്രമാണ് ലൈഫ് മിഷൻ പദ്ധതിയിൽ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നത്. അങ്ങനെ വരുമ്പോൾ മത്സ്യത്തൊഴിലാളികൾ പൂർണ്ണമായും ലൈഫ് മിഷൻ പദ്ധതിയിൽ നിന്നും പുറത്താവുന്ന സ്ഥിതിയാണ്. ലൈഫ് മിഷനുമായി ബന്ധപ്പെടുമ്പോൾ പഞ്ചായത്തും മുനിസിപ്പാലിറ്റിയുമാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് പറഞ്ഞ് അധികൃതർ കൈമലർത്തുകയാണ്. തദ്ധേശ സ്വയം ഭരണ സ്ഥാപനങ്ങൾ ലൈഫ് മിഷൻ പദ്ധതിയിൽ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നത് രാഷ്ട്രീയ കാഴ്ച്ചപ്പാടോടെയാണെന്ന ആരോപണവും ഉയരുന്നുണ്ട്. ജില്ലയിൽ മത്സ്യ തൊഴിലാളി ക്ഷേമ നിധിയിൽ 6,800 ഒാളം പേർക്കാണ് അംഗത്വമുള്ളത്.ഇതിൽ 5000 ഒാളം പേർ ഭവന രഹിതരാണ്.ലൈഫ് മിഷനിൽ നിന്നും യാതൊരു ആനുകൂല്യവും ലഭിക്കാത്ത സാഹചര്യത്തിൽ ഫിഷറീസ് വകുപ്പ് മുൻ കാലങ്ങളിൽ നൽകി കൊണ്ടിരുന്ന ഭവന നിർമ്മാണ ആനുകൂല്യങ്ങൾ തുടർന്നും നൽകണമെന്നാണ് മത്സ്യതൊഴിലാളികളുടെ ആവശ്യം.

ഇൗ സർക്കാൻ വന്നതിനു ശേഷമാണ് ഫിഷറീസ് വകുപ്പ് മത്സ്യതൊഴിലാളികൾക്ക് നൽകി കൊണ്ടിരുന്ന ഭവന നി‌ർമ്മാണ ആനൂകൂല്യങ്ങൾ നിലച്ച സ്ഥിതിയിലായത്.ലൈഫ് മിഷന്റെ പേരിലാണ് ഭവന നിർമ്മാണ ആനുകൂല്യങ്ങൾ സർക്കാർ നിഷേധിക്കുന്നത്.എന്നാൽ ലൈഫ് മിഷന്റെ മാനദണ്ഡ പ്രകാരം മത്സ്യ തൊഴിലാളികൾ പദ്ധതിയിൽ നിന്നും പാടെ പുറത്താവുകയാണ്.പുറം പോക്കിൽ കടലിൽ നിന്നും 50 മീറ്ററിനുള്ളിൽ താമസിക്കുന്നവർക്ക് കേന്ദ്ര സർക്കാർ നൽകുന്ന 10 ലക്ഷം രൂപ മാത്രാമണ് ഇപ്പോൾ ലഭിക്കുന്നതെന്ന് കേരള പ്രദേശ് മത്സ്യതൊഴിലാളി കോൺഗ്രസ്സ് പ്രസിഡന്റ് എ.ടി നിഷാന്ത് ആരോപിച്ചു.