തളിപ്പറമ്പ: വിരലിൽ മോതിരം കുടുങ്ങി അവശനായ ഒൻപത് വയസുകാരനെ തളിപ്പറമ്പിലെ അഗ്‌നിശമനസേന രക്ഷിച്ചു. പുതുവത്സരത്തലേന്ന് വലതു കൈ വിരലിൽ മോതിരം കുടുങ്ങിയ കോരൻപീടിക സ്വദേശിയായ കുട്ടിയ്ക്കാണ് അഗ്നിശമന സേന ആശ്വാസമായത്. വിരൽ വീർത്ത് വേദന കൊണ്ടു പുളഞ്ഞ കുട്ടിയെ ബന്ധുക്കൾ പരിയാരം മെഡിക്കൽ കോളേജിലെത്തിച്ചിരുന്നു. വിരൽ മരവിപ്പിച്ച് മോതിരം മുറിച്ചുമാറ്റാനുള്ള ശ്രമം പരാജയപ്പെട്ടതോടെ സ്റ്റേഷനിലേക്ക് അയച്ചു. അഞ്ച് മിനിട്ടിനകം സ്റ്റേഷൻ ഓഫീസർ കെ.പി. ബാലകൃഷ്ണന്റെ നേതൃത്വത്തിൽ മോതിരം നീക്കി.


കാറും ജീപ്പും കൂട്ടിയിടിച്ച് 3 പേർക്ക് പരിക്ക്
ഇരിട്ടി: മാടത്തിൽ എടൂർ റോഡിൽ കാറും ജീപ്പും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു. കോളിക്കടവ് സ്വദേശി ജോസഫ് പുതിയകുളങ്ങര (59), എടൂർ കെ.സി. ചർച്ച് പാസ്റ്റർ ജോയ് തോമസ്(56), എടൂർ സ്വദേശി ഷിനു മാവുന്നിക്കുന്നേൽ(36) എന്നിവർക്കാണ് പരിക്കേറ്റത്. മാടത്തിൽ എടൂർ തട്ടിൽ റോഡിൽ ഇന്നലെ ഉച്ചക്ക് ഒരു മണിയ്ക്കായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ ജീപ്പ് തലകീഴായി മറിയുകയും കാറിന്റെ മുൻവശം തകരുകയും ചെയ്തു. പരിക്കേറ്റവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച ഒരു കിലോമീറ്ററപ്പുറം സ്‌കൂട്ടർ ബസിലിടിച്ച് യാത്രക്കാരി മരിച്ചിരുന്നു.