-women-wall

കാസർകോട്: കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കാൻ ശ്രമിക്കുന്ന ഇരുട്ടിന്റെ ശക്തികളെ സ്ത്രീകൾ തല ഉയർത്തിനിന്ന് നേരിടുമെന്ന് തെളിയിച്ചിരിക്കുകയാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. ഈ ചരിത്ര മതിൽ ഹിംസ്ര ജന്തുക്കളുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാനുള്ള വനിതകളുടെ സംരക്ഷണ ഭിത്തിയാണെന്നും മന്ത്രി പറഞ്ഞു. കാസർകോട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് വനിതാ മതിലിൽ വടക്കേഅറ്റത്ത് ഒന്നാമതായി കണ്ണിയായശേഷം നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സമൂഹം പിഴുതെറിഞ്ഞ ദുരാചാരങ്ങൾ തിരിച്ചു കൊണ്ടുവന്ന് സ്ത്രീകളെ എന്നും അടിമകളാക്കി ചവിട്ടിമെതിക്കാമെന്നാണ് ബി.ജെ.പിയും ആർ.എസ്.എസും സവർണ മേലാളന്മാരും കരുതുന്നത്.

സ്ത്രീകൾക്ക് മാറുമറയ്ക്കാൻ പോലും സ്വാതന്ത്ര്യം ഇല്ലാതിരുന്ന കാലത്ത് ശ്രീബുദ്ധനും ശ്രീനാരായണ ഗുരുവും അയ്യങ്കാളിയും ചട്ടമ്പി സ്വാമിയും എല്ലാം സ്ത്രീമുന്നേറ്റത്തിനാണ് ആഹ്വാനം ചെയ്തിട്ടുള്ളത്. നമ്പൂതിരി സ്ത്രീകളെ തൊഴിൽശാലകളിലേക്ക് കൊണ്ടുവരാൻ പ്രയത്നിച്ചത് വി.ടിയും എം.ആർ.പിയും ഇ.എം.എസും എല്ലാമാണ്. സ്ത്രീകളുടെ മുന്നേറ്റത്തിൽ നിന്നാണ് തമ്പുരാക്കന്മാരിൽ നിന്ന് അവകാശങ്ങൾ പിടിച്ചുവാങ്ങിയതെന്ന ചരിത്രം മറക്കരുതെന്നും മന്ത്രി പറഞ്ഞു.

യോഗത്തിൽ എ. പത്മാവതി അദ്ധ്യക്ഷത വഹിച്ചു. റവന്യു വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരൻ, പി. കരുണാകരൻ എം.പി, ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബു, വനിതാമതിൽ കോ-ഓർഡിനേറ്റർ എം. ശാന്തകുമാരി, സി.പി.എം ജില്ലാ സെക്രട്ടറി എം.വി. ബാലകൃഷ്ണൻ, സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിൽ, അഡ്വ. സി.എച്ച്. കുഞ്ഞമ്പു, ഐ.എൻ.എൽ ജില്ലാ സെക്രട്ടറി അസീസ് കടപ്പുറം തുടങ്ങിയവർ പ്രസംഗിച്ചു.