കാസർകോട്: പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി യുവാക്കൾ റോഡിൽ മാർഗതടസ്സം സൃഷ്ടിച്ച് നൃത്തം ചെയ്യുന്നത് തടഞ്ഞ ബേക്കൽ പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐക്ക് തലയ്ക്കു വെട്ടേറ്റു. പൊലീസുകാരന് പരിക്കേറ്റു. പൊലീസ് ജീപ്പ് അടിച്ചു തകർക്കുകയും കലുങ്കിലേക്ക് തള്ളിയിടുകയും ചെയ്തു.
കളനാട് റോഡരികിൽ ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. ബേക്കൽ സ്റ്റേഷനിലെ എ.എസ്.ഐ കരിവെള്ളൂരിലെ ജയരാജനാണ് (50) തലയ്ക്കും പുറത്തും ഗുരുതരമായി വെട്ടേറ്റത്. മംഗളൂരു ഫാദർ മുള്ളേഴ്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയുടെ എല്ലിന് പൊട്ടലുള്ളതിനാൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. തലയിൽ ആറു തുന്നിക്കെട്ടുണ്ട്.
പൊലീസ് ജീപ്പ് ഡ്രൈവർ ഇൽഷാദ് പരിക്കുകളോടെ ഓടി രക്ഷപ്പെട്ട് സ്റ്റേഷനിൽ അറിയിച്ചു. തുടർന്ന് എസ്.ഐ കെ.പി വിനോദ് കുമാറും സംഘവും എത്തുമ്പോൾ ചോരയിൽ കുളിച്ച് റോഡിൽ കിടക്കുകയായിരുന്നു എ.എസ്. ഐ. ഉദുമ നഴ്സിംഗ് ഹോമിൽ എത്തിച്ച് പ്രഥമ ശുശൂഷയ്ക്ക് ശേഷം കാസർകോട് സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഗുരുതരമായതിനാൽ മംഗളൂരുവിലേക്ക് മാറ്റുകയായിരുന്നു.
പട്രോളിംഗ് നടത്തവേ,എട്ടംഗ സംഘം മാർഗതടസ്സം സൃഷ്ടിച്ച് നൃത്തം ചെയ്യുന്നത് കണ്ട് ഇവരെ റോഡ് സൈഡിലേക്ക് മാറ്റാൻ ശ്രമിച്ചപ്പോൾ മൊബൈൽ തട്ടിപ്പറിക്കുകയും ഇരുമ്പു വടി കൊണ്ട് പുറത്തടിക്കുകയും കത്തിവാൾ കൊണ്ട് തലയ്ക്ക് വെട്ടുകയുമായിരുന്നു. റാഷിദ്, ആഷിഖ് തുടങ്ങി ആറുപേർക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.