കണിച്ചാർ: പുതുവത്സരാഘോഷ വിപണി ലക്ഷ്യമിട്ട് നിർമ്മിച്ച ഏഴു ലിറ്റർ ചാരായവും ചാരായ നിർമ്മാണത്തിന് തയ്യാറാക്കി വച്ച അമ്പതു ലിറ്റർ വാഷും സഹിതം ഒരാളെ പേരാവൂർ എക്‌സൈസ് സംഘം കണിച്ചാർ അണുങ്ങോട് നിന്നും പിടികൂടി.

എക്‌സൈസ് കമ്മിഷണറുടെ ഉത്തരമേഖല സ്‌ക്വാഡിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് പേരാവൂർ എക്‌സൈസ് സംഘം നടത്തിയ റെയ്ഡിലാണ് ചാരായവും വാഷും പിടികൂടിയത്. കണിച്ചാർ അണുങ്ങോട് സ്വദേശി എടത്താഴെ വീട്ടിൽ എ.ടി.ജോസഫ് (65) എന്നയാളാണ് 50 ലിറ്റർ വാഷും ഏഴു ലിറ്റർ ചാരായവും സഹിതം എക്‌സൈസ് പിടിയിലായത്.ഇയാളുടെ വീടിനടുത്തുള്ള ഷെഡ്ഡിനു സമീപം സൂക്ഷിച്ച നിലയിൽ 60 ലിറ്റർ കൊള്ളുന്ന നീല പ്ലാസ്റ്റിക് ബാരലിൽ ചാരായം വാറ്റാൻ പാകപ്പെടുത്തിയ 50 ലിറ്റർ വാഷും , 10 ലിറ്ററിന്റെ കന്നാസിൽ സൂക്ഷിച്ച ഏഴു ലിറ്റർ ചാരായവും കണ്ടെത്തിയതിനെത്തുടർന്നാണ് അറസ്റ്റ് . എക്‌സൈസ് ഇൻസ്‌പെക്ടർ എ.കെ.വിജേഷിന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ പ്രിവന്റീവ് ഓഫീസർമാരായ എം.ബി.സുരേഷ് ബാബു, എം.പി. സജീവൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ സി.എം. ജയിംസ്, സുരേഷ് പുൽപ്പറമ്പിൽ, കെ.എ. ഉണ്ണികൃഷ്ണൻ, കെ.എ.മജീദ് എന്നിവർ പങ്കെടുത്തു.റെയ്ഡുകൾ ശക്തമായി തുടരുമെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.