തൃക്കരിപ്പൂർ: സ്‌കൂളുകൾ അടച്ചിട്ട് മതിൽ പണിയാൻ വിദ്യാഭ്യാസ വകുപ്പ് വാക്കാൽ ഉത്തരവ് നൽകിയെന്നാരോപിച്ച് കെ.പി.എസ്.ടി.എ നേതൃത്വത്തിൽ അധ്യാപകർ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനകളും പൊതുയോഗങ്ങളും നടത്തി. പ്രതിഷേധത്തിന്റെ ഭാഗമായി ചെറുവത്തൂർ ഉപജില്ല കമ്മിറ്റി നേതൃത്വത്തിൽ തൃക്കരിപ്പൂർ ടൗണിൽ പ്രതിഷേധ പ്രകടനവും പൊതു യോഗവും നടത്തി. ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന പ്രതിഷേധ യോഗം കെ.പി.എസ്.ടി.എ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി. ശശിധരൻ ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡന്റ് കെ. ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് കെ. രാജീവൻ, ജോ. സെക്രട്ടറി ടി. മധുസൂദനൻ, വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി രാമചന്ദ്രൻ അടിയോടി, ഉപജില്ലാ സെക്രട്ടറി കെ.വി. വിനോദ്, കെ. ജയകുമാർ, കെ.വി. മധുസൂദനൻ, ടോംപ്രസാദ്, ഇ.കെ. ബൈജ, പി.ജെ. മേഴ്സി എന്നിവർ പ്രസംഗിച്ചു.
ചികിത്സാ സഹായം കൈമാറി
തൃക്കരിപ്പൂർ: രോഗ ബാധിതയായ വീട്ടമ്മയ്ക്കു എ.ഐ.വൈ.എഫിന്റെ ചികിത്സാ സഹായം. കിഡ്നി സംബന്ധമായ അസുഖം മൂലം ദീർഘ കാലമായി ചികിത്സയിലുള്ള പൂച്ചോലിലെ എം. പത്മാവതിക്കാണ് തൃക്കരിപ്പൂർ യൂണിറ്റ് ധന സഹായം നൽകിയത്. സി.പി.ഐ തൃക്കരിപ്പൂർ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം പി. കുഞ്ഞമ്പു ചികിത്സാ സഹായം കൈമാറി. എം.വി രാജൻ, ടി. നസീർ, ടി.വി ഉണ്ണി എന്നിവർ സംബന്ധിച്ചു.
ആധാരമെഴുത്തുകാർ ധർണാ സമരം നടത്തി
തൃക്കരിപ്പൂർ: ആധാരമെഴുത്തുകാർ പണിമുടക്കി സബ് രജിസ്ട്രാർ ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി. ആധാരത്തോടൊപ്പം രജിസ്റ്റർ ഓഫീസിൽ സമർപ്പിക്കുന്ന ഫയലിംഗ് ഷീറ്റ് ചെറുതാക്കി എ ഫോർ വലുപ്പത്തിലാക്കാനുള്ള നീക്കം ഉപേക്ഷിക്കുക, ലോൺ ആവശ്യത്തിന് വേണ്ട കുടിക്കട സർട്ടിഫിക്കറ്റ് പകർത്തൽ സമ്പൂർണ ഓൺലൈൻ ആക്കി മാറ്റുന്നതിനെതിരെയും ആധാരമെഴുത്തുകാർ പണിമുടക്കി പ്രതിഷേധിച്ചു. പുതുവർഷ ദിനത്തിൽ തൃക്കരിപ്പൂർ സബ് രജിസ്ട്രാർ ഓഫീസിന് മുന്നിൽ നടത്തിയ ധർണാ സമരം ആധാരമെഴുത്ത് അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ് കെ. ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു. കെ.കെ. കുമാർ അധ്യക്ഷത വഹിച്ചു. പി.എൻ. സുധീഷ്, എം. രമേശ് ബാബു, എ.വി. ശശി, എ.വി. സീമ എന്നിവർ പ്രസംഗിച്ചു.