കാസർകോട്: വനിതാ മതിലിൽ അഭൂതപൂർവ്വമായ ജനപങ്കാളിത്തമാണ് കാസർകോട് ജില്ലയിൽ ഉണ്ടായതെന്നും ജനങ്ങളെ പിന്തിരിപ്പിക്കാൻ നടത്തിയ ദുഷ്പ്രചരണങ്ങൾ വിലപ്പോയില്ലെന്ന് കണ്ട് വിറളി പൂണ്ടാണ് ചേറ്റുകുണ്ടിലും മറ്റ് ചില ഭാഗങ്ങളിലും ബി.ജെ.പി, ആർ.എസ്.എസ് . പ്രവർത്തകർ അക്രമം അഴിച്ചുവിട്ടതെന്നും സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിൽ പ്രസ്താവിച്ചു. വനിതാ മതിലിന് നേരെ ഉണ്ടായബി ജെ പി ആർ എസ് എസ് അക്രമം നീചവും അപലപനീയവുമാണ്. ഈ അക്രമങ്ങളെ സി പി ഐ അതിശക്തമായി അപലപിക്കുന്നുവെന്നും ഗോവിന്ദൻ പള്ളിക്കാപ്പിൽ പറഞ്ഞു.

വനിതാമതിൽ ജില്ലയിലെ ജനങ്ങൾ തള്ളിക്കളഞ്ഞു : അഡ്വ. കെ. ശ്രീകാന്ത്
കാസർകോട്: വനിതാമതിലിനെ കാസർകോട് ജില്ലയിലെ ജനങ്ങൾ തള്ളിക്കളഞ്ഞതായി ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ. ശ്രീകാന്ത് ആരോപിച്ചു. പ്രസ് ക്ലബ് ജംഗ്ഷനിൽ കെ.എസ്.ടി.പി ചന്ദ്രഗിരി റൂട്ടിലൂടെ പോകേണ്ടിയിരുന്ന വനിതാ മതിൽ ആൾക്കാർ എത്താത്തത് കൊണ്ട് പ്രതിജ്ഞപോലും എടുക്കാതെ പരാജയപ്പെടുകയായിരുന്നു. ചിലയിടങ്ങളിൽ മതിൽ പൊളിഞ്ഞപ്പോൾ പരാജയം മറച്ചു വയ്ക്കാൻ ബി.ജെ.പി സ്വാധീനമുള്ള മേഖലകളിൽ സി.പി.എമ്മുകാർ ബോധപൂർവം ആക്രമണങ്ങൾ നടത്തി മുഖംരക്ഷിക്കാനുള്ള ശ്രമമാണ് നടത്തിയത്. അയ്യപ്പ സ്വാമിമാരെ പോലും അസഭ്യം പറയുകയും അവഹേളിക്കുകയും ചെയ്തു. ഭജന മന്ദിരങ്ങൾക്കെതിരെയും അയ്യപ്പനെതിരെയും മുദ്രാവാക്യങ്ങൾ മുഴക്കി പ്രകോപനം സൃഷ്ടിച്ചു. ഇത്തരം സംഭവങ്ങളിൽ പൊലീസ് കാഴ്ചക്കാരായി നോക്കിനിന്നുവെന്ന് ശ്രീകാന്ത് ആരോപിച്ചു.

അക്രമികൾക്കെതിരെ കേസെടുക്കണം: പത്ര പ്രവർത്തക യൂണിയൻ
കാസർകോട്: ചേറ്റുകുണ്ടിൽ മാധ്യമ പ്രവർത്തകർക്കുനേരെയുണ്ടായ ആക്രമണത്തിൽ കേരള പത്ര പ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. സംഘർഷമുണ്ടെന്നറിഞ്ഞ് റിപ്പോർട്ട് ചെയ്യാനെത്തിയ ചാനൽ റിപ്പോർട്ടർമാരെയാണ് മാനുഷിക പരിഗണന പോലും നൽകാതെ ഭീകരമായി ആക്രമിച്ചത്. അക്രമികൾക്കെതിരെ വധശ്രമം ഉൾപെടെയുള്ള വകുപ്പുകൾ ചേർത്ത് കേസെടുക്കാൻ പൊലീസ് തയ്യാറാകണമെന്നും യൂണിയൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
മനോരമ ന്യൂസ് റിപ്പോർട്ടർ എം ബി ശരത്ചന്ദ്രൻ, ക്യാമറാമാൻ ടി ആർ ഷാൻ, 24 ന്യൂസ് ചാനൽ റിപ്പോർട്ടർ ഷഹദ് റഹ്മാൻ, ക്യാമറാമാൻ രഞ്ജു ജി എൻ എസ് എന്നിവരെയാണ് ആക്രമിച്ചത്.മാധ്യമപ്രവർത്തകരെ അക്രമിച്ചവരെ ഉടൻ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്നും പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

ബി.ജെ.പി ജില്ലാ പ്രസിഡന്റിനെതിരേ കേസെടുക്കണം: എം.പി

കാസർകോട്: വനിതാമതിലിൽ പങ്കെടുക്കാനെത്തിയ പ്രവർത്തകരെ കല്ലെറിഞ്ഞും ബോംബെറിഞ്ഞും വധിക്കാൻ ശ്രമിച്ച സംഭവത്തിൽ ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ. ശ്രീകാന്തിനെതിരെ ഗൂഢാലോചന കുറ്റം ചുമത്തി കേസെടുക്കണമെന്ന് പി. കരുണാകരൻ എം.പി ആവശ്യപ്പെട്ടു. അക്രമത്തിൽ പരിക്കേറ്റ് കാസർകോട് ജനറൽ ആശുപത്രിയിൽ കഴിയുന്ന സി.പി.എം പ്രവർത്തകരെയും മാധ്യമപ്രവർത്തകരെയും സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു എം.പി.
13 വനിതകളാണ് പരിക്കേറ്റ് ആശുപത്രികളിലുള്ളത്. സി.പി.എം ഉദുമ ഏരിയാസെക്രട്ടറി കെ. മണികണ്ഠനും അക്രമത്തിൽ പരിക്കേറ്റു. പരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്ന അംഗടിമുഗറിലെ പ്രവർത്തകർ സഞ്ചരിച്ച ബസ്സിന്‌നേരെ കുതിരപ്പാടിയിൽ വച്ചുണ്ടായ കല്ലേറിൽ നാലുപേർക്ക് പരിക്കേറ്റു. നിരവധി പൊലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്.

ശ്രീകാന്ത് കഴിഞ്ഞദിവസം വാർത്താസമ്മേളനം വിളിച്ചാണ് വനിതാ മതിലിൽ പങ്കെടുക്കുന്നവരെ ആക്രമിക്കാൻ ആഹ്വാനം നൽകിയതെന്ന് കരുണാകരൻ ആരോപിച്ചു.