education

കണ്ണൂർ: സർവകലാശാലകളെ മികവുറ്റതാക്കുന്നതിന്‌ ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീൽ വിളിച്ച കേരളത്തിലെ വൈസ് ചാൻസലർമാരുടെ യോഗം നാളെ തിരുവനന്തപുരത്ത് നടക്കും. കേരള സർവകലാശാലയിൽ നടക്കുന്ന യോഗത്തിൽ കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തനം സംബന്ധിച്ച റിപ്പോർട്ടുകൾ അതത് വൈസ് ചാൻസലർമാർ അവതരിപ്പിക്കും. സർവകലാശാലകൾക്ക് പുറമെ വൈസ് ചാൻസലർമാരുടെ പ്രവർത്തന മികവും ഉന്നത വിദ്യാഭ്യാസ വകുപ്പ് പരിശോധിക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഒമ്പത് സർവകലാശാലകളെ മികവിന്റെ കേന്ദ്രങ്ങളാക്കി ദേശീയ റാങ്കിംഗ് ഉയർത്തുന്നതിനുള്ള കർമ്മപദ്ധതികൾക്ക് യോഗം രൂപം നൽകും.

ദേശീയ റാങ്കിംഗിൽ ആദ്യ ഇരുപതിൽ പോലും കേരളത്തിലെ ഒരു സർവകലാശാലയും ഇടം നേടിയിട്ടില്ലാത്ത സാഹചര്യത്തിലാണ് വൈസ് ചാൻസലർമാരുടെ പ്രവർത്തനം വിലയിരുത്താൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്. ഭരണതലത്തിൽ മാത്രമല്ല, പഠന നിലവാരത്തിലും സ്ഥിതി അത്ര മെച്ചമല്ല. സർവകലാശാലകളിലെ ബിരുദ, ബിരുദാനന്തര പരീക്ഷാ നടത്തിപ്പ് സമഗ്രമായി പരിഷ്‌കരിക്കാനും മൂല്യനിർണയവും ഫലപ്രഖ്യാപനവും സമയബന്ധിതവും ഏകീകൃതവുമാക്കാനുമുള്ള നടപടികളും യോഗം ചർച്ചചെയ്യും. ഗവേഷണ മേഖലയുടെ നവീകരണമടക്കം മുഴുവൻ പ്രശ്‌നങ്ങളും ചർച്ചയ്ക്ക് വരും. ബിരുദ സർട്ടിഫിക്കറ്റുകൾക്ക് അപേക്ഷിച്ചാൽ മാസങ്ങൾ കാത്തിരിക്കേണ്ടിവരുന്ന ദുരവസ്ഥ ഒഴിവാക്കുന്നതിന് നിർദ്ദേശമുണ്ടാകും. അപേക്ഷാ ഫീസ് ഓൺലൈനായി ഒടുക്കിയാൽ ബിരുദ സർട്ടിഫിക്കറ്റുകൾ ഡൗൺലോഡ് ചെയ്ത് എടുക്കാനാവുംവിധമുള്ള സംവിധാനവും ചർച്ച ചെയ്യും.

ഡിഗ്രി, പി.ജി കോഴ്സുകളുടെ സിലബസുകൾ പരിഷ്കരിക്കുന്നതും യോഗത്തിൽ ചർച്ചയാകും. ഗവേഷണ പദ്ധതികളുടെ ഫണ്ട് വിനിയോഗത്തിന് സർവകലാശാലകളിലുള്ള കുരുക്കുകൾ ഒഴിവാക്കുന്നതിനെക്കുറിച്ചും വിദ്യാർത്ഥി പ്രവേശന നടപടികൾ കേന്ദ്രീകൃതമാക്കുന്നത് സംബന്ധിച്ചും യോഗം പരിശോധിക്കും.

വിലയിരുത്തൽ

പരീക്ഷാ നടത്തിപ്പും ഫല പ്രഖ്യാപനവും സമയബന്ധിതമായി പൂർത്തിയാക്കാൻ നേരത്തെ നൽകിയ നിർദ്ദേശം എത്രമാത്രം പാലിച്ചുവെന്നു പരിശോധിച്ചായിരിക്കും സർവ്വകലാശാലകളുടെ പ്രവർത്തനം വിലയിരുത്തുക. കോളേജുകളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റാൻ അതത് ‌സർവ്വകലാശാലകൾ എന്തൊക്കെ ചെയ്തുവെന്ന കാര്യവും വിലയിരുത്തും.

"സർവകലാശാലകളുടെ പരീക്ഷാ നടത്തിപ്പ് കുറ്റമറ്റതാക്കുന്നതിനാണ് മുൻഗണന. ഇതിന്റെ ഭാഗമായി പരീക്ഷാ കലണ്ടർ ഏകീകരിക്കും. പരീക്ഷകളുടെ ഫലപ്രഖ്യാപനം ത്വരിതപ്പെടുത്തും.

-മന്ത്രി കെ.ടി. ജലീൽ