നീലേശ്വരം: പുത്തരിയടുക്കം ബ്ലോക്ക് ഓഫീസ് വളപ്പിൽ ജീവനക്കാർ നട്ട പച്ചക്കറി കൃഷി ആവശ്യത്തിന് വെള്ളമില്ലാതെ നശിക്കുന്നു.
മൂന്ന് മാസം മുൻപ് മഴക്കാലത്ത് നട്ട പച്ചക്കറി തൈകളാണ് കായ്ചതിന് പിന്നാലെ കരിഞ്ഞ്നശിക്കുന്നത്.

വർഷങ്ങൾക്ക് മുൻപ് കുഴിച്ച കിണർ ഉണ്ടായിരുന്നെങ്കിലും ആവശ്യത്തിന് വെള്ളം ലഭിക്കാത്തതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. 1957ൽ ഇ.എം.എസ് സർക്കാറാണ് 10 ഏക്കർ സ്ഥലത്ത് ബ്ലോക്ക് ഓഫിസ് പണിതത്. അന്ന് കുഴിച്ച കിണറിൽ നിന്നും ഓഫീസ് ആവശ്യത്തിന് വെള്ളം ലഭിക്കാത്തതോടെ അടുത്തിടെ കുഴൽകിണറും കുഴിച്ചു. അതിലും ആവശ്യത്തിന് വെള്ളമില്ലെന്ന് ജീവനക്കാർ പറയുന്നു.

ജീവനക്കാരുടെ നേതൃത്വത്തിൽ ഓഫീസിന് മുന്നിൽ ചെങ്കല്ല് കൊണ്ട് കെട്ടി പുറമേ നിന്നുള്ള മണ്ണ് നിറച്ചാണ് ചെടികൾ വച്ചുപിടിപ്പിച്ചത്. നടുവിൽ വെണ്ട, പച്ചമുളക്, ചേന എന്നിവയും നട്ടുപിടിപ്പിച്ചു. ചേനയെല്ലാം ഇതിനകം ഉണങ്ങി. പച്ചമുളക് തൈ പൂത്തതല്ലാതെ കായ്ഫലം ഉണ്ടായിട്ടില്ല. വഴുതിനയിൽ കായ്ഫലവും കുറഞ്ഞു. ഇപ്പോൾ വഴുതിന തൈകളും ഉണങ്ങുകയാണ്. ഒരു മാതൃകയായി ഓഫീസിന് മുന്നിൽ നട്ട പച്ചക്കറി കൃഷി നശിക്കുന്നതിൽ ജീവനക്കാരും കടുത്ത നിരാശയിലാണ്.

അണങ്കൂരിലെ ഫ്ളാറ്റിൽ തീപിടുത്തം കുടുങ്ങിയവരെ രക്ഷിച്ചു
കാസർകോട്: അണങ്കൂരിൽ ഗ്രീൻ പാർക്ക് അപ്പാർട്‌മെന്റിൽ ബുധനാഴ്ച പുലർച്ചെയുണ്ടായ തീപിടുത്തത്തിൽ കുടുങ്ങിയവരെ ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേർന്ന് പുറത്തെത്തിച്ചു. ഫ്ളാറ്റിലെ സാധനങ്ങളും പുറത്ത് നിർത്തിയിട്ടിരുന്ന രണ്ടു കാറുകളും എട്ട് ഇരുചക്ര വാഹനങ്ങളും അഗ്നിക്കിരയായി. വഹാബ്, അസീസ്, മുഹമ്മദ് ഹനീഫ, ഷരീഫ്, നവാസ്, ഖൈസ്, അഷ്റഫ്, കുന്നിൽ അബൂബക്കർ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഫ്ളാറ്റുകളും തീപടർന്ന് നശിച്ചു. പുകമൂലം ശ്വാസതടസം അനുഭവപ്പെട്ടവരെ ആശുപത്രിയിലേക്ക് മാറ്റി. ഫ്ളാറ്റുകളിലെ വയറുകളെല്ലാം കത്തിനശിച്ചു. അഹ്മദ് ഹനീഫയുടെ ഇയോൺ കാർ, അബൂബക്കറിന്റെ ആൾട്ടോ കാർ, താഹിറ, ഹനീഫ, ഇബ്രാഹിം, മുഹമ്മദ് ഷാഫി എന്നിവരുടെ സ്‌കൂട്ടർ, നവാസിന്റെ പുത്തൻ പൾസർ ബൈക്ക്, വഹാബിന്റെ ബൈക്ക് തുടങ്ങിയവും അഗ്നിക്കിരയായി. വിവരമറിഞ്ഞ് ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബു, കാസർകോട് എ.എസ്.പി. ഡി. ശിൽപ തുടങ്ങിയവരും സ്ഥലത്തെത്തി. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് സംശയിക്കുന്നു.

ഫോട്ടോ: അണങ്കൂരിൽ ഫ്ളാറ്റിലുണ്ടായ തീപിടുത്തത്തിൽ കത്തിനശിച്ച കെട്ടിടം.

മാദ്ധ്യമ പ്രവർത്തകർ പ്രതിഷേധിച്ചു
കാസർകോട്: ചേറ്റുകുണ്ടിൽ മാദ്ധ്യമ പ്രവർത്തകരെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാസർകോട് പ്രകടനവും യോഗവും നടത്തി. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും വധശ്രമത്തിന് കേസെടുക്കണമെന്നും ആവശ്യപ്പെട്ടു. വനിതാമതിൽ ബി.ജെ.പി-ആർ.എസ്.എസ്. പ്രവർത്തകർ തടഞ്ഞതിനെ തുടർന്നുണ്ടായ സംഘർഷം റിപ്പോർട്ട് ചെയ്യാനെത്തിയ മനോരമ ന്യൂസ് റിപ്പോർട്ടർ എം.ബി. ശരത്ചന്ദ്രൻ, ക്യാമറാമാൻ ടി.ആർ. ഷാൻ, 24 ന്യൂസ് റിപ്പോർട്ടർ ഷഹദ് റഹ്മാൻ, കാമറാമാൻ ജി.എൻ.എഫ്. രഞ്ജു എന്നിവരെയാണ് ആക്രമിച്ചത്. കാമറയും നശിപ്പിക്കപ്പെട്ടു. പ്രസ് ക്ലബ് പരിസരത്ത് നിന്നാരംഭിച്ച പ്രകടനം പഴയ ബസ് സ്റ്റാൻഡിൽ സമാപിച്ചു. പ്രതിഷേധ യോഗത്തിൽ യൂണിയൻ ജില്ലാ പ്രസിഡന്റ് ടി.എ. ഷാഫി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം പി. സുരേശൻ, വിനോയ് മാത്യു, സുരേന്ദ്രൻ മട്ടന്നൂർ, രാജേഷ് നോയൽ, അബ്ദുർ റഹ്മാൻ ആലൂർ, ഉദിനൂർ സുകുമാരൻ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ഒ.വി. സുരേഷ് സ്വാഗതവും ജോയിന്റ് സെക്രട്ടറി കെ.വി. പത്മേഷ് നന്ദിയും പറഞ്ഞു.