കാഞ്ഞങ്ങാട് (കാസർകോട്): ചേറ്റുകുണ്ടിൽ വനിതാ മതിൽ തീർക്കാനെത്തിയവരെയും തടയാനെത്തിയ പൊലീസിനെയും കല്ലെറിഞ്ഞതടക്കമുള്ള സംഭവങ്ങളിൽ 2000 ത്തോളം ആർ.എസ് .എസ് -ബി.ജെ.പി പ്രവർത്തകരുടെ പേരിൽ ബേക്കൽ പൊലീസ് കേസെടുത്തു. ഏഴ് കേസുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്തത്.
പൊലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും പൊലീസ് സംഘത്തിനെ ആക്രമിച്ചതിനും പൊലീസ് വാഹനങ്ങൾ തകർത്തതിനും 500 വീതം ആളുകൾ പ്രതിയായി മൂന്ന് കേസുകളെടുത്തിരുന്നു. സി.പി.എം ഉദുമ ഏരിയാ സെക്രട്ടറി കെ. മണികണ്ഠനെയും മാദ്ധ്യമ പ്രവർത്തകരായ എം.ബി. ശരത് ചന്ദ്രൻ, ഷാൻ, രഞ്ജിത്ത് എന്നിവരെയും ആക്രമിച്ചതിനും ആറ് വാഹനങ്ങൾ കല്ലെറിഞ്ഞു തകർത്തതിനും 500 ഓളം ബി.ജെ.പിക്കാർക്കെതിരെ ഇന്നലെ നാല് കേസുകൾ കൂടി രജിസ്റ്റർ ചെയ്തു.
പ്രതികളെ പിടികൂടാൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച രാത്രിയും ഇന്നലെ പകൽ മുഴുവനും ചേറ്റുകുണ്ടിലും സമീപ പ്രദേശങ്ങളിലും തെരച്ചിൽ നടത്തി. കാഞ്ഞങ്ങാട് ഡിവൈ.എസ്.പി പി.കെ. സുധാകരൻ, കോഴിക്കോട് എ.സി.പി ഷാജി, അസി .എസ്.പി അബ്ദുൽ കരീം എന്നിവരുടെ നേതൃത്വത്തിൽ പ്രതികളുടെ വീടുകൾ അരിച്ചുപെറുക്കി. പൊലീസ് സംഘം തെരച്ചിൽ നടത്താനുള്ള സാദ്ധ്യത മനസിലാക്കി അക്രമം നടത്തിയവരെല്ലാം മാറിനിൽക്കുകയായിരുന്നു. ഏതാനും പേർ വലയിലായതായും സൂചനയുണ്ട്.
ചേറ്റുകുണ്ടിൽ ബോംബെറിഞ്ഞും തീയിട്ടും മുളകുപൊടി വിതറിയും ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് സ്ത്രീകളും കുട്ടികളും അടക്കമുള്ളവർക്കുനേരെ ആക്രമണം നടന്നത്. സ്ത്രീകളെ തടയുന്നതറിഞ്ഞു സ്ഥലത്ത് എത്തിയ സി.പി.എം പ്രവർത്തകർക്കുനേരെയും കല്ലേറുണ്ടായി. സംഘർഷം നിയന്ത്രിക്കാൻ പൊലീസ് അഞ്ചു റൗണ്ട് ആകാശത്തേക്ക് വെടിവച്ചു. ഗ്രനേഡ് പ്രയോഗിച്ചിട്ടും പിരിഞ്ഞുപോകാതായപ്പോഴാണ് വെടിവച്ചത്. ചേറ്റുകുണ്ടിൽ ഇന്നലെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് പൊലീസ് അറിയിച്ചു. കോഴിക്കോട്, കണ്ണൂർ, വയനാട് ജില്ലകളിൽ നിന്ന് മൂന്ന് കമ്പനി എം.എസ്.പിക്കാർ ചേറ്റുകുണ്ടിൽ എത്തിയിട്ടുണ്ട്. കൂടുതൽ സായുധ പൊലീസിനെ സ്ഥലത്ത് വിന്യസിക്കുമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.