ചെറുവത്തൂർ: പിലിക്കോട് സി. കൃഷ്ണൻ നായർ സ്മാരക ഗവ ഹയർ സെക്കൻഡറി സ്‌കൂളിൽ ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കായി കരുത്ത് ശിൽപ്പശാല നടത്തും. നാളെയും 5നും കാലിക്കടവ് കരക്കക്കാവ് കല്യാണ മണ്ഡപത്തിൽ നടക്കുന്ന പരിപാടി കേന്ദ്ര സർവകലാശാല വൈസ് ചാൻസലർ ഡോ. ജി. ഗോപകുമാർ ഉദ്ഘാടനം ചെയ്യുമെന്ന് അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ദിശ ഹയർ സെക്കൻഡറി, കേന്ദ്ര സർവകലാശാല, നിഫ്റ്റ്, അഗ്രികൾച്ചറൽ കോളേജ്, പൊളി ടെക്നിക് കോളേജ്, എൽ.ബി.എസ് എൻജിനീയറിംഗ് കോളേജ്, ചീമേനി എൻജിനീറിംഗ് കോളേജ്, ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഉദുമ, ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് തുടങ്ങിയ സ്ഥാപനങ്ങളുടെയും വിവിധ സ്വകാര്യ സ്ഥാപനങ്ങളുടെയും സ്റ്റാളുകൾ എക്സ്‌പോയിൽ ഉണ്ടാകും. സമാപന സമ്മേളനം അഞ്ചിന് വൈകിട്ട് മൂന്നു മണിക്ക് സബ് കളക്ടർ അരുൺ വി. വിജയ് ഉദ്ഘാടനം ചെയ്യും. വാർത്താ സമ്മേളനത്തിൽ പ്രിൻസിപ്പൽ ഡോ. എം.കെ. രാജശേഖരൻ, ഡോ. ടി. ഗീത, കെ.പി. മുഹമ്മദ് റഫീഖ്, പി. സുധാകരൻ, കെ. പ്രകാശൻ എന്നിവർ പങ്കെടുത്തു.

ഹർത്താൽ പ്രതിഷേധാർഹം: എ.കെ.എസ്.ടി.യു.

കാസർകോട്: പരീക്ഷകൾ തടസപ്പെടുത്തി ഇന്ന് പ്രഖ്യാപിച്ച ഹർത്താൽ ദുരുദ്ദേശപരവും പ്രതിഷേധാർഹവുമാണെന്ന് എ.കെ.എസ്.ടി.യു ജില്ലാ പ്രസിഡന്റ് കെ. വിനോദ് കുമാറും സെക്രട്ടറി സുനിൽ കുമാർ കരിച്ചേരിയും പറഞ്ഞു. ഹർത്താലിനെ തുടർന്ന് ഇന്നത്തേക്ക് മാറ്റിയ ഹയർ സെക്കൻഡറി അർദ്ധ വാർഷിക പരീക്ഷയാണ് വീണ്ടും മാറ്റേണ്ടി വന്നത്. അനാവശ്യ ഹർത്താലിനെ ചെറുത്തു തോൽപ്പിക്കാൻ ജനങ്ങൾ രംഗത്തിറങ്ങണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

അക്രമത്തിനെതിരെ ഇടത് പ്രതിഷേധം

കാഞ്ഞങ്ങാട്: വനിതാ മതിലിന് നേരെ ചേറ്റുകുണ്ടിൽ സംഘപരിവാർ നടത്തിയ അക്രമങ്ങളിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് നേതൃത്വത്തിൽ കാഞ്ഞങ്ങാട് പ്രതിഷേധപ്രകടനം നടത്തി. കുന്നുമ്മലിൽ നിന്നാരംഭിച്ച പ്രകടനത്തിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു. ജാഥയ്ക്ക് നേരെ പുതിയകോട്ട ചന്തയ്ക്കുള്ളിൽ നിന്ന് ബി.എം.എസുകാർ കല്ലെറിഞ്ഞെന്ന ആരോപണം അൽപനേരം സംഘർഷത്തിനിടയാക്കി. നേതാക്കളും പൊലീസും ഇടപെട് സ്ഥിതി ശാന്തമാക്കി. തുടർന്നുള്ള യോഗത്തിൽ സി.പി.ഐ. നേതാവ് സി.കെ. ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. സി.പി.എം. ജില്ലാ കമ്മിറ്റിയംഗങ്ങളായ വി.വി. രമേശൻ, എം. പൊക്ലൻ, ടി. മുഹമ്മദ് അസ്ലം, ടി. കൃഷ്ണൻ, പി.പി. രാജു, ദേവി രവീന്ദ്രൻ എന്നിവർ സംസാരിച്ചു. സി.പി.എം. ഏരിയാ സെക്രട്ടറി കെ. രാജ്‌മോഹൻ സ്വാഗതം പറഞ്ഞു.