കണ്ണൂർ: ശബരിമലയിലെ യുവതി പ്രവേശനത്തിൽ പ്രതിഷേധിച്ച് കർമ്മസമിതിയും ബി.ജെ.പിയും ആഹ്വാനം ചെയ്ത ഹർത്താലിൽ ജില്ലയിൽ വ്യാപക അക്രമം. തലശ്ശേരി കൊളശ്ശേരിയിൽ ദിനേശ് ബീഡി കമ്പനിക്ക് നേരെ ബോംബേറുണ്ടായി. പയ്യന്നൂർ എടാട്ട് കെ.എസ്.ആർ.ടി.സി ബസ്സിനു നേരെ ഒരു സംഘം കല്ലെറിഞ്ഞു. പലയിടത്തും കടകൾ അടപ്പിക്കുന്നതിനെ ചൊല്ലി ഹർത്താൽ അനുകൂലികളും പൊലീസും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. ജില്ലയിലെ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഇരുപതോളം ബി.ജെ.പി പ്രവർത്തകരെ ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു.

കണ്ണൂർ കാൽടെക്സ് ജംഗ്ഷനിൽ ഹർത്താൽ അനുകൂലികളും സി.പി.എം പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. ബി.ജെ.പിയും ശബരിമല കർമ്മസമിതിയും കാൽടെക്സിൽ പ്രതിഷേധ യോഗം ചേർന്നതിന് ശേഷമാണ് സംഘർഷാവസ്ഥ ഉടലെടുത്തത്. കാൽടെക്സിലെ കോഫീ ഹൗസ് ഹർത്താൽ അനുകൂലികൾ അടപ്പിക്കാൻ ശ്രമിച്ചത് സി.പി.എം പ്രവർത്തകർ തടയുകയായിരുന്നു. ഇതിനിടെ ഹർത്താൽ അനുകൂലികളായ രണ്ടു സ്ത്രീകളും ഒരു യുവാവും കോഫി ഹൗസിൽ കയറി അടയ്ക്കണമെന്ന് ആവശ്യപ്പെട്ടു. ഇതോടെ പൊലീസ് ഇടപെട്ട് ഇവരെ പുറത്തെത്തിക്കുകയായിരുന്നു. സി.പി.എം പ്രവർത്തകർ മർദ്ദിച്ചതായി ഇവർ ആരോപിച്ചു. പൊലീസ് ഇടപെട്ടതോടെയാണ് ഇവർ പിരിഞ്ഞു പോയത്.

കണ്ണൂർ റെയിൽവെ സ്റ്റേഷനു മുന്നിലെ ഗീത ഹോട്ടലിനു നേരെയുണ്ടായ കല്ലേറിൽ ഹോട്ടലിന്റെ ചില്ലുകൾ തകർന്നു. അക്രമത്തിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി സമിതി പ്രവർത്തകർ നഗരത്തിൽ പ്രകടനം നടത്തി. ഹോട്ടലിനു നേരെ അക്രമം നടത്തിയവരെ പൊലീസ് പിടികൂടിയതിൽ പ്രതിഷേധിച്ച് ഹർത്താൽ അനുകൂലികൾ ടൗൺ പൊലീസ് സ്റ്റേഷനിലേക്കും മാർച്ച് നടത്തി.

കണ്ണൂർ നഗരത്തിൽ കാറിനും രണ്ട് ഓട്ടോറിക്ഷകൾക്കും നേരെയും അക്രമമുണ്ടായി. കല്ലേറിൽ വാഹനങ്ങളുടെ ചില്ലുകൾ തകർന്നു. തെക്കിബസാറിൽ പാലുമായി പോയ ഓട്ടോറിക്ഷകൾക്ക് നേരെയാണ് അക്രമമുണ്ടായത്.

പയ്യന്നൂരിൽ കല്ലേറുണ്ടായതിനെ തുടർന്ന് കെ.എസ്.ആർ.ടി.സി രാവിലെ 10 മണിയോടെ സർവ്വീസ് പൂർണമായും നിർത്തിവച്ചു. റെയിൽവെ സ്റ്റേഷനിലും മറ്റും കുടുങ്ങിപ്പോയ യാത്രക്കാരെ പൊലീസും മറ്റു സന്നദ്ധ പ്രവർത്തകരും ചേർന്ന് വിവിധയിടങ്ങളിൽ എത്തിച്ചു. ഹർത്താലിൽ കടകൾ തുറന്ന് പ്രവർത്തിക്കണമെന്ന് വ്യാപാരി നേതാക്കൾ ആഹ്വാനം ചെയ്തിരുന്നുവെങ്കിലും നഗരപ്രദേശങ്ങളിൽ ആരും തുറന്നില്ല. എന്നാൽ പിണറായി, പാപ്പിനിശേരി, പെരളശേരി തുടങ്ങിയ കേന്ദ്രങ്ങളിൽ ഹർത്താൽ ബാധിച്ചില്ല.

ഹർത്താൽ പൊതുവെ ജില്ലയിൽ പൂർണമായിരുന്നു. കടകമ്പോളങ്ങൾ പൂർണമായും അടഞ്ഞു കിടന്നു. ഏതാനും ഇരുചക്രവാഹനങ്ങൾ മാത്രമാണ് നിരത്തിലിറങ്ങിയത്. തലശേരി, കൂത്തുപറമ്പ്, പയ്യന്നൂർ, തളിപ്പറമ്പ്, പഴയങ്ങാടി, മാഹി, മട്ടന്നൂർ, ഇരിട്ടി, ആലക്കോട്, ശ്രീകണ്ഠപുരം എന്നിവിടങ്ങളിലും ഹർത്താൽ പൂർണമായിരുന്നു. കൂത്തുപറമ്പിൽ കടകൾ അടപ്പിക്കുന്നതിനെ ചൊല്ലി നേരിയ തോതിൽ സംഘർഷമുണ്ടായി. തളിപ്പറമ്പിൽ ഹർത്താൽ അനുകൂലികൾ മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിച്ചു. ഇതിനിടെ ഹർത്താൽ അനുകൂലികളുടെ പ്രകടനത്തിനു നേരെ ഒരു സംഘം കൂവി വിളിച്ചത് ചെറിയ സംഘർഷത്തിനിടയാക്കി. ഇതേചൊല്ലി ഹർത്താൽ അനുകൂലികളും സി.പി.എം പ്രവർത്തകരും തമ്മിൽ ഉന്തുംതള്ളുമുണ്ടായി.

തണലിന്റെ വാഹനം അടിച്ചുതകർത്തു

കണ്ണൂർ:താളിക്കാവിൽ സാന്ത്വന പരിചരണ വിഭാഗമായ തണലിന്റെ നിയന്ത്രണത്തിലുള്ള വാഹനം ഒരു സംഘം അടിച്ചുതകർത്തു. കിടപ്പിലായ രോഗിക്ക് രക്തം നൽകാനായി പോകുന്നതിനിടെയാണ് ഒരു സംഘം ഹർത്താൽ അനുകൂലികൾ വാഹനത്തിനു നേരെ അക്രമം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസിന് സമീപമുണ്ടായ അക്രമം ആസൂത്രിതമാണെന്ന് തണൽ പ്രവർത്തകർ പറഞ്ഞു.