ചെറുവത്തൂർ: കൈവരികളും സൂചന ബോർഡുകളും ഇല്ലാത്ത പാലം വാഹനയാത്രക്കാർക്ക് ഭീഷണിയാകുന്നു. കണ്ണൂർ - കാസർകോട് ജില്ലകളുടെ അതിർത്തിയായി ഒഴുകുന്ന ആണൂർ തോടിനു കുറുകെ പണിത പാലമാണ് അപകടാവസ്ഥയിലുള്ളത്.
വീതി കുറഞ്ഞ റോഡിൽ കൈവരികളില്ലാതെയാണ് പാലം പണിതത്. കരിവെള്ളൂർ-പെരളം പഞ്ചായത്തിലെ ആണൂർ, പിലിക്കോട് പഞ്ചായത്തിലെ കാലിക്കടവ് കിഴക്ക് എന്നിവയെ ബന്ധിപ്പിക്കുന്നതാണ് പ്രസ്തുത പാലം. കഷ്ടിച്ച് ആറുമീറ്ററോളം മാത്രം വീതിയാണ് ഇവിടെ റോഡിലുള്ളത്. മാത്രമല്ല ഇരുഭാഗത്തും പാലത്തിന് അടുത്തായി വളവുള്ളതും നേരിയ അശ്രദ്ധ അപകടം ക്ഷണിച്ചുവരുത്തും. കൂടാതെ പാലത്തിന്റെ ഇരുവശങ്ങളിലും കാടുകയറി നിൽക്കുന്നതിനാൽ ഒരു പാലം ഇവിടെയുണ്ടെന്ന കാര്യം വളരെ അടുത്തത്തിയാൽ മാത്രമേ അറിയാൻ കഴിയൂ.
ദേശീയപാതയായതിനാൽ വലിയ കണ്ടയ്നർ ലോറികൾ, നിരവധി ബസ്സുകൾ, സ്വകാര്യ വാഹനങ്ങൾ തുടങ്ങി ഒട്ടേറെ വാഹനങ്ങൾ ഇതുവഴി കടന്നുപോകുന്നുണ്ട്. ഒരു സൂചനാ ബോർഡ് പോലും പരിസരത്തില്ലെന്നു നാട്ടുകാർ പരാതി പറയുന്നു. അരനൂറ്റാണ്ടു മുമ്പ് പണിത പാല ത്തിൽ നിന്നും ഇതിനകം നിരവധി വാഹനങ്ങൾ തോടിലേക്ക് മറിഞ്ഞു അപകടം സംഭവിച്ചിട്ടുണ്ട്. വീതി കുറഞ്ഞ പാലമായതിനാൽ ഇരുഭാഗത്തേക്കും വാഹനങ്ങൾ ഒരേ സമയത്ത് പാലത്തിൽ കയറിയാൽ കാൽനട യാത്രക്കാർ ഓടി രക്ഷപ്പെടേണ്ട അവസ്ഥയാണ്. കാൽനട യാത്രക്കാരുടെ സൗകര്യം കണക്കിലെടുത്തും തിരക്കേറിയ പാലം എന്ന നിലയിലും ഇവിടെ പുതിയ പാലം പണിയണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കൈവരികളില്ലാതെ ആണൂർ തോടിനു കുറുകെ പണിത പാലം.