കാഞ്ഞങ്ങാട്: ശബരിമല കർമ്മ സമിതി ആഹ്വാനം ചെയ്ത ഹർത്താലിൽ കാഞ്ഞങ്ങാട് നിശ്ചലമായി. ഹോട്ടലുകളും മെഡിക്കൽ ഷോപ്പുകളുമുൾപ്പെടെ അടഞ്ഞു കിടന്നു. ബസ്സോട്ടവും നിലച്ചു. അപൂർവ്വം ഇരുചക്ര- സ്വകാര്യ വാഹനങ്ങൾ ഓടിയതൊഴിച്ചാൽ റോഡുഗതാഗതം പൂർണ്ണമായും നിലച്ചിരുന്നു. സർക്കാർ ഓഫീസുകളിൽ നാമമാത്ര ജീവനക്കാരേ എത്തിയിരുന്നുള്ളൂ. സ്കൂളുകളും പ്രവർത്തിച്ചില്ല. കനത്ത പൊലീസ് ബന്തവസ്സ് നഗരത്തിൽ ഏർപ്പെടുത്തിയിരുന്നു. അതുകൊണ്ടു തന്നെ വലിയ തോതിലുള്ള അനിഷ്ട സംഭവങ്ങൾ ഉണ്ടായില്ല. ഹർത്താലിന് വ്യാപാര സ്ഥാപനങ്ങൾ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന നേതൃത്വം പ്രഖ്യാപിച്ചിരുന്നുവെങ്കിലും വെറുതെയായി. നഗരത്തിൽ കർമ്മസമിതിയുടെ ആഭിമുഖ്യത്തിൽ പ്രകടനവും തുടർന്ന് വിശദീകരണ യോഗവുമുണ്ടായി. പ്രകടനത്തിന് പി. ദാമോദരപണിക്കർ,വേലായുധൻ കൊടവലം തുടങ്ങിയവർ നേതൃത്വം നൽകി. യോഗത്തിൽ വേലായുധൻ കൊടവലം പ്രസംഗിച്ചു.