കാഞ്ഞങ്ങാട്: തീയ്യ സമുദായത്തിന് അർഹതപ്പെട്ട ആനുകൂല്യങ്ങൾ അനുവദിക്കണമെന്ന് തീയ്യ മഹാസഭ ഭാരവാഹികൾ ആവശ്യപ്പെട്ടു.
വിദ്യാഭ്യാസ-തൊഴിൽ സംവരണങ്ങൾ രണ്ട് ശതമാനമേ ലഭിക്കുന്നുള്ളൂ. 34 ലക്ഷത്തോളം വിശ്വാസികൾക്കാണ് ആനുകൂല്യം നിഷേധിക്കുന്നത്. ഉപജാതിയെന്ന് മുദ്ര കുത്തിയാണ് ഇതെന്നും തീയ്യസമുദായം ഉപജാതിയല്ലെന്നും ഭാരവാഹികൾ ചൂണ്ടിക്കാട്ടി. വരുമാനമുള്ള കഴകങ്ങളും ക്ഷേത്രങ്ങളും മടപ്പുരകളും കൈപ്പിടിയിലാക്കാനുള്ള ശ്രമം മലബാർ ദേവസ്വം ബോർഡ് അവസാനിപ്പിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി റലേഷ്ബാബു കോഴിക്കോട്, ജില്ലാ ഓർഗനൈസർ എൻ. ചന്ദ്രൻ പുതുക്കൈ, ജില്ലാ രക്ഷാധികാരി രവി കുളങ്ങര, സംസ്ഥാന ജോയിന്റ് സെക്രട്ടറി സുനിൽകുമാർ ചാത്തമത്ത്, യൂത്ത് വിംഗ് സംസ്ഥാന സെക്രട്ടറി സജേഷ് മലപ്പുറം എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
കൈരളി ഓഡിറ്റോറിയം ഉദ്ഘാടനം
ചെറുവത്തൂർ: പൊള്ളപ്പൊയിൽ കൈരളി ആർട്സ് ക്ലബ്ബിലെ ഓഡിറ്റോറിയം, മിനി കോൺഫറൻസ് ഹാൾ, സ്റ്റേജ് എന്നിവ നാടകകൃത്ത് ഇബ്രാഹിം വെങ്ങര ഉദ്ഘാടനം ചെയ്തു. പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. ഉദ്ഘാടന സപ്ലിമെന്റ് നാടക സംവിധായകൻ മനോജ് നാരായണൻ പ്രകാശനം ചെയ്തു. ക്ലബ്ബ് സെക്രട്ടറി എം.വി. സുരേന്ദ്രൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ശൈലജ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം. കുഞ്ഞിരാമൻ, പി.വി. കൃഷ്ണൻ, കെ. കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു. വി.വി. കൃഷ്ണൻ സ്വാഗതവും ജയദേവൻ പെരിങ്ങോത്ത് നന്ദിയും പറഞ്ഞു. നാടക കലാകാരന്മാരുടെ ക്യാമ്പ് വാസു ചോറോട് ഉദ്ഘാടനം ചെയ്തു. ക്യാമ്പ് ഡയറക്ടർ നാടക സംവിധായകൻ മനോജ് നാരായണൻ നേതൃത്വം നൽകി. സിനിമതാരം ഉണ്ണിരാജ് ചെറുവത്തൂർ, ഗംഗൻ ആയിറ്റി, ഭരതൻ പിലിക്കോട് എന്നിവർ സംസാരിച്ചു.
സ്ത്രീ സുരക്ഷാ ബോധവത്ക്കരണം
തൃക്കരിപ്പൂർ: ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് സ്ത്രീകളെയും കുട്ടികളെയും സജ്ജമാക്കുന്നതിന്റെ ഭാഗമായി തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്, എ.ഡി.എസ്. പ്രവർത്തകർക്കായി നടത്തിയ ബോധവത്ക്കരണ ക്ലാസ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ. സുകുമാരൻ ഉദ്ഘാടനം ചെയ്തു. എ.ജി. സറീന അദ്ധ്യക്ഷത വഹിച്ചു. കെ.പി. ലിജി, എം.വി. അനിത, സി.ഡി.എസ്. ചെയർ പേഴ്സൺ സി. ചന്ദ്രമതി, വൈസ് ചെയർപേഴ്സൺ എൻ. ഹാജിറാബി എന്നിവർ സംസാരിച്ചു. ഫയർമാന്മാരായ വരുൺഗോപി, പ്രണവ്, സുമേഷ്, ജില്ലാ റിസോഴ്സ് പേഴ്സൺ ഉഷ, ഹെൽത്ത് ഇൻസ്‌പെക്ടർ സജീന്ദ്രൻ എന്നിവർ ക്ലാസെടുത്തു.
വ്യാപാരികൾക്ക് മരണാനന്തര സഹായ പദ്ധതി
തൃക്കരിപ്പൂർ: വ്യാപാരികളുടെ കുടുംബത്തിന് മരണാനന്തര സഹായമായി അഞ്ചു ലക്ഷം രൂപ ലഭിക്കുന്ന പദ്ധതി തുടങ്ങി. അടുത്ത മാസം ഒന്നു മുതൽ പദ്ധതി ജില്ലയിൽ നടപ്പാക്കാനാണ് തീരുമാനം. തൃക്കരിപ്പൂരിലെ ചടങ്ങ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ. അഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.വി. ലക്ഷ്മണൻ അദ്ധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി സജി, ഗിരീഷ്, തൃക്കരിപ്പൂർ യുണിറ്റ് ഭാരവാഹികളായ കെ.വി. ബാലകൃഷ്ണൻ, എ.ജി. നൂറുൽ ആമേൻ, സി.എച്ച്. റഹിം, ഷേർളി എന്നിവർ പ്രസംഗിച്ചു.