കേളകം: അയൽ സംസ്ഥാനങ്ങളെ പങ്കെടുപ്പിച്ചു കൊണ്ട് മാവോയിസ്റ്റുകൾക്കായുള്ള തിരച്ചിൽ ശക്തമാക്കുമെന്ന് ജില്ലാ പോലീസ് മേധാവി ശിവ വിക്രം. അമ്പായത്തോട് ടൗണിൽ മാവോയിസ്റ്റ്കൾ സായുധ പ്രകടനം നടത്തിയ സാഹചര്യത്തിൽ തുടർന്ന് സ്വീകരിച്ച നടപടികൾ അവലോകനം ചെയ്യുന്നതിനായുള്ള യോഗത്തിൽ പങ്കെടുക്കാനായാണ് എസ് .പി. കേളകം പൊലീസ് സ്റ്റേഷനിൽ എത്തിയത്.

അമ്പായത്തോട് എത്തിയ മാവോയിസ്റ്റുകളെക്കുറിച്ചും കൂടെയുള്ളവരെക്കുറിച്ചും പോലീസിന് കൃത്യമായ വിവരമുണ്ട്. ഇവർക്കായി നാലു ടീമുകൾ പങ്കെടുത്ത് കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിൽ നടത്തിയ ഓപ്പറേഷൻ ഹോക്ക് വ്യാഴാഴ്ചയാണ് അവസാനിച്ചത്. ഇതിൽ നിർണായകമായ പല വിവരങ്ങളും ലഭ്യമായിട്ടുണ്ടെന്നും ശിവവിക്രം പറഞ്ഞു. പരിശോധനയുടെ ഒന്നാം ഘട്ടമായ ഓപ്പറേഷൻ ഹോക്കിലൂടെ ഒരു വലിയ ഏരിയയാണ് പരിശോധിക്കാൻ കഴിഞ്ഞത്. വനാതിർത്തി പ്രദേശത്തു താമസിക്കുന്നവർ പൊലീസുമായി കൂടുതൽ സഹകരിക്കുന്നുണ്ട്.ഉടൻ തന്നെ അയൽ സംസ്ഥാനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള തിരച്ചിൽ ഉണ്ടാവുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.

‌ മാവോയിസ്റ്റുകളുടെ സഞ്ചാര പാത അടക്കമുള്ളവ കണ്ടെത്താൻ അയൽ സംസ്ഥാനങ്ങളുമായി ചേർന്ന് സംയുക്ത പരിശോധന നടത്തും. കണ്ണൂർ പോലീസ് മേധാവി ശിവവിക്രത്തിന്റെ നേതൃത്വത്തിൽ കൊട്ടിയൂരിൽ അവലോകന യോഗം ചേർന്നു.ഇരിട്ടി എസ് .പി. പ്രജീഷ് തോട്ടത്തിൽ യോഗത്തിൽ പങ്കെടുത്തു. കൊട്ടിയൂർ ദേവസ്വം ഗസ്റ്റ് ഹൗസിൽ പ്രത്യേക സേനാംഗങ്ങളുമായി രഹസ്യ ചർച്ചകൾ നടത്തുവാനാണ് എസ് .പി എത്തിയത്.യോഗം ചേർന്നതിന്റെ കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.

ഉണ്ണീശോപ്പളളി തിരുനാളിന് തുടക്കമായി

ഉളിക്കൽ :ഉളിക്കൽ ഉണ്ണീശോ തീർത്ഥാടന ദൈവാലയത്തിൽ തിരുനാളാഘോഷവും നൊവേനയും തുടക്കമായി. ജനുവരി നാലിന് വികാരി റവ. ഫാ. തോമസ് പൈബിളളിൽ കൊടിയേറ്റോടുകൂടി ആരംഭിച്ച ആഘോഷം ജനുവരി 13 ന് സമാപിക്കും. സമാപന ദിവസം പ്രദക്ഷിണം, സമാപനാശീർവ്വാദം, നേർച്ച ഭക്ഷണം എന്നിവ നടക്കും.