കാസർകോട്: സംസ്ഥാനത്തെ അർഹരായ എല്ലാവർക്കും പട്ടയം നൽകുകയെന്ന സർക്കാർ പദ്ധതിയുടെ ഭാഗമായി ഏഴിന് ജില്ലയിൽ പട്ടയമേള സംഘടിപ്പിക്കും. രാവിലെ 10.30 ന് മുൻസിപ്പൽ ടൗൺ ഹാളിൽ നടക്കുന്ന മേള റവന്യു വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും. മേളയിൽ ആകെ 2050 പട്ടയങ്ങൾ വിതരണം ചെയ്യും.
എൻ.എ നെല്ലിക്കുന്ന് എം.എൽ.എയുടെ അധ്യക്ഷതയിൽ നടക്കുന്ന പരിപാടിയിൽ പി. കരുണാകരൻ എം.പി മുഖ്യാതിഥിയായിരിക്കും. എം.എൽ.എമാരായ കെ. കുഞ്ഞിരാമൻ, എം. രാജഗോപാലൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീർ, കാസർകോട് നഗരസഭ ചെയർമാൻ ബീഫാത്തിമ ഇബ്രാഹിം, കാസർകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ്കുഞ്ഞി ചായിന്റടി, സബ്കളക്ടർ അരുൺ കെ. വിജയൻ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും. ജില്ലാ കളക്ടർ ഡോ. ഡി. സജിത്ത് ബാബു സ്വാഗതവും കാസർകോട് റവന്യൂ ഡിവിഷണൽ ഓഫീസർ പി.എ അബ്ദുൾ സമദ് നന്ദിയും പറയും.
നാളെ വൈദ്യൂതി മുടങ്ങും
കാസർകോട്: 110 കെ.വി മൈലാട്ടി വിദ്യാനഗർ ഫീഡറിലും 220 കെ.വി. മൈലാട്ടി സബ്‌സ്റ്റേഷനിലും അടിയന്തര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നാളെ രാവിലെ എട്ടു മുതൽ വൈകുന്നേരം അഞ്ചു വരെ 110 കെ.വി സബ്‌സ്റ്റേഷനുകളായ വിദ്യാനഗർ, മുള്ളേരിയ എന്നിവിടങ്ങളിൽനിന്നും 33 കെ.വി. സബ്‌സ്റ്റേഷനുകളായ അനന്തപുരം, കാസർകോട് ടൗൺ, ബദിയടുക്ക, പെർള എന്നിവിടങ്ങളിൽ നിന്നുമുള്ള വൈദ്യുതി വിതരണം പൂർണമായി തടസ്സപ്പെടും.
കലാപനീക്കത്തെ പ്രതിരോധിക്കാൻ മുന്നിട്ടിറങ്ങും: സി.പി.എം
കാസർകോട്: ഹർത്താലിന്റെയും പ്രതിഷേധത്തിന്റെയും പേരിൽ സംഘപരിവാർ നേതൃത്വത്തിൽ ജില്ലയിൽ നടത്തുന്ന കലാപനീക്കത്തെ സ്വയം പ്രതിരോധിക്കാൻ മുന്നിട്ടിറങ്ങുമെന്ന് സി.പി.എം ജില്ലാ നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അക്രമത്തിന്റെ പാതയിലേക്ക് സി.പി.എം പോകില്ല. എന്നാൽ തങ്ങളുടെ പ്രവർത്തകരുടെ വീടുകൾ സ്ഥാപനങ്ങൾ,. പാർട്ടി ഓഫീസുകൾ,, വാഹനങ്ങൾ എന്നിവയെല്ലാം സംരക്ഷിക്കാൻ പ്രതിരോധം തീർക്കും. നാട്ടിലാകെ കലാപം ഉണ്ടാക്കിയ സംഘ്പരിവാർ നേതാക്കൾ അടക്കമുള്ളവർക്കെതിരെ വർഗീയ ലഹള ഇളക്കിവിടാൻ ശ്രമിച്ചതിന് ഉൾപ്പടെ ഗുരുതരമായ വകുപ്പുകൾ ചേർത്ത് കേസെടുത്ത് അറസ്റ്റ് ചെയ്യാൻ പൊലീസ് അധികാരികൾ തയ്യാറാകണം.
നവമാധ്യമങ്ങളിൽ വർഗീയ പ്രചാരണം നടത്തി ആളുകളെ കൂട്ടിയാണ് അക്രമങ്ങൾ നടത്തിയത്. ജില്ലയുടെ ശാന്തിയും സമാധാനവും സംരക്ഷിക്കാൻ ജനങ്ങൾ ഒറ്റക്കെട്ടായി നിൽക്കണം. നാടിനെ കലാപ ഭൂമിയാക്കാൻ ശ്രമിക്കുന്നവർ ദയാരഹിതമായി ശിക്ഷിക്കപ്പെടണമെന്ന നിലയിൽ തന്നെ ആവശ്യമായ ഇടപെടൽ പൊലീസിന്റെ ഭാഗത്തു നിന്നും ഉണ്ടാകണമെന്നും നേതാക്കൾ പറഞ്ഞു. സി.പി.എം ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണൻ, സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ.പി സതീഷ് ചന്ദ്രൻ, എം. രാജഗോപാലൻ എം.എൽ.എ, ഡോ. വി.പി.പി മുസ്തഫ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.