കാസർകോട് : സംസ്ഥാനത്തെ വിവിധ ഡിപ്പോകളിൽ നിന്നും പിരിച്ചുവിട്ട എംപാനൽ ജീവനക്കാരെ എത്രയും വേഗം തിരിച്ചെടുത്ത് സർവീസുകൾ കാര്യക്ഷമമാക്കണമെന്ന് കെ.എസ്.ആർ.ടി.സി. വർക്കേഴ്സ് യൂണിയൻ (ഐ.എൻ.ടി.യു.സി.) യോഗം ആവശ്യപ്പെട്ടു.
ജില്ലാ ഐ.എൻ.ടി.യു.സി. കമ്മിറ്റിയുടെ നേതൃത്വത്തിൽ 17ന് നടക്കുന്ന കലക്‌ട്രേറ്റ് മാർച്ച് വിജയിപ്പിക്കുവാൻ യോഗം തീരുമാനിച്ചു. യോഗത്തിൽ പ്രസിഡന്റ് കെ.എം. കൃഷ്ണഭട്ട് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഗോപാലകൃഷ്ണകുറുപ്പ് സ്വാഗതം പറഞ്ഞു. ജില്ലാ ഐ.എൻ.ടി.യു.സി. സെക്രട്ടറി ഉദയകുമാർ, രാമചന്ദ്രൻ കാനത്തൂർ, അബ്ദുൽജലീൽ, എ.കെ. അസീസ്, രഞ്ജിത്ത് ചീമേനി, എൻ.പി. റിയാസ്. കെ. കുഞ്ഞമ്പു, ഗംഗാധരൻ നായർ എന്നിവർ പ്രസംഗിച്ചു.


ജില്ലാ കുടുംബ കോടതി പുതിയ കെട്ടിടത്തിലേക്ക്
കാസർകോട് പുതിയ ബസ് സ്റ്റാൻഡ് കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ജില്ലാ കുടുംബകോടതി ഇന്നുമുതൽ വിദ്യാനഗർ, ഗവ. അന്ധവിദ്യാലയത്തിന് സമീപത്തുളള ഹരിപ്രേമ കെട്ടിട സമുച്ചയത്തിൽ പ്രവർത്തിക്കും. ഇതിന്റെ ഔപചാരിക ഉദ്ഘാടനം വൈകിട്ട് 3.30 ന് കേരള ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർവ്വഹിക്കും.കാസർകോട് ജില്ലാ ജഡ്ജ് മനോഹർ കിണി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പി. കരുണാകരൻ എം.പി മുഖ്യാതിഥി ആയിരിക്കും.

വിദ്യാർത്ഥികൾക്ക് വേറിട്ടൊരനുഭവമായി വോട്ടിംഗ് പരിശീലനം
നീലേശ്വരം: നഗരസഭ, ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗം, നീലേശ്വരം പ്രസ് ഫോറം എന്നിവയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി വോട്ടിംഗ് പരിശീലനം സംഘടിപ്പിച്ചു.വ്യാപാരഭവനിൽ ജില്ലാ കലക്ടർ ഡോ.ഡി.സജിത് ബാബു ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ പ്രൊ. കെ.പി. ജയരാജൻ അദ്ധ്യക്ഷത വഹിച്ചു. ഇലക്ഷൻ വിഭാഗം നോഡൽ ഓഫീസർ എസ് ഗോവിന്ദ്, കൗൺസിലർ സി.മാധവി, പ്രസ് ഫോറം പ്രസിഡണ്ട് പി.കെ.ബാലകൃഷ്ണൻ, കെ.സി.പ്രകാശൻ, വി.ഇ.അനുരാധ എന്നിവർ സംസാരിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ പി.പി.മുഹമ്മദ് റാഫി സ്വാഗതവും, പ്രസ് ഫോറം വൈസ് പ്രസിഡന്റ് എം.സുധാകരൻ നന്ദിയും പറഞ്ഞു.

തുടർന്ന് തിരഞ്ഞെടുപ്പ് വോട്ടിംഗ് പരിശീലനം തുടങ്ങി. നോട്ട അടക്കം ആറ് സ്ഥാനാർത്ഥികൾ. സ്ഥാനാർത്ഥികൾക്ക് പകരം നഗരസഭയിലെ അഞ്ച് വികസന പ്രവൃത്തികളായ ഇ.എം.എസ്.സ്റ്റേഡിയം, പാലായി ഷട്ടർ കം ബ്രിഡ്ജ്, പള്ളിക്കര റെയിൽവെ മേൽപ്പാലം ,രാജാ റോഡ് വികസനം, മുൻസിപ്പൽ ഓഫിസ് എന്നിവക്ക് വേണ്ടി പി.രാമചന്ദ്രൻ ,ടി. കുഞ്ഞിക്കണ്ണൻ, കെ.വി.രാധ, കെ.പി.കരുണാകരൻ, പി.കുഞ്ഞികൃഷ്ണൻ എന്നിവർ വോട്ട് അഭ്യർത്ഥിച്ചു. സ്ഥാനാർത്ഥികൾക്ക് വേണ്ടി വിദ്യാർത്ഥികളായ വിഷ്ണു സതീഷ്, ശിൽപ്പ, ഷ നബ, ആകാശ്' നന്ദന എന്നിവർ സംസാരിച്ചു. സാധാരണ തിരഞ്ഞെടപ്പ് പോലെ ഇലക്ട്രോണി ക്‌ മെഷിനിലായിരുന്നു വോട്ട് രേഖപ്പെടുത്തൽ. ടി.വി.സജീവൻ ടി.കെ.വിനോദ് ,എ മണിരാജ് എൻ.സജിത്കുമാർ എന്നിവർ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.194 വിദ്യാർത്ഥികൾ വോട്ട് രേഖപ്പെടുത്തി. യഥാക്രമം 97 വോട്ട് പള്ളിക്കര റെയിൽവെ മേൽപ്പാലം, 36 വോട്ട് രാജാ റോഡ്, 32 വോട്ട് ഇ എം.എസ് സ്റ്റേഡിയം, 12 വോട്ട് പാലായി ഷട്ടർ കം ബ്രിഡ്ജ്.11 വോട്ട് മുൻസിപ്പൽ ഓഫീസ് എന്നീ സ്ഥാനാർത്ഥികൾക്കും 6 വോട്ട് നോട്ടക്കും ലഭിച്ചു. വോട്ടിംഗിനിടയിൽ മെഷീൻ അൽപ്പം പണിമുടക്കുകയും പിന്നിട് വോട്ടെടുപ്പ് തുടരുകയും ചെയ്തു'